തിരുവനന്തപുരം: 'ഇത് വായിക്കുന്ന നിങ്ങളിൽ ഒരാൾക്കെങ്കിലും നെഞ്ചത്ത് കൈവച്ച് ഉറപ്പു പറയാനാകുമോ നിങ്ങളുടെ വീട്ടിൽനിന്ന് എന്നോ വലിച്ചെറിഞ്ഞ ഒരു കീറത്തുണിയിൽ കുരുങ്ങിയല്ല ആമയിഴഞ്ചാൻ തോടിന്റെ ആഴങ്ങളിലേക്ക് ഒരു ജീവൻ താഴ്ന്നതെന്ന്?' -വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ചിത്രപ്രദർശനത്തിലെ വാചാകമാണിത്. ഈ പോസ്റ്ററിലെ വാചകങ്ങളിൽ കണ്ണുടക്കാതെ ആർക്കും കടന്നുപോകാനാവില്ല. നഗരത്തിൽ ജലാശയങ്ങളിലേക്ക് വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരങ്ങളുടെ ഫോട്ടോ പ്രദർശനമായിരുന്നു അവിടെ നടന്നത്. ‘ജലസമാധി’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോപ്രദർശനം ഒരുക്കിയത് മീഡിയമേറ്റ്സ് നാച്ചുറൽ ഫോട്ടോഗ്രഫി ക്ലബാണ്.
നമുക്ക് ചുറ്റുമുള്ള ജലാശയങ്ങൾ മാലിന്യക്കൂമ്പാരമുയരുന്നതിന് നമ്മൾ തന്നെയാണ് പ്രധാന കാരണക്കാർ എന്ന് തെളിയിക്കുന്ന 68ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
മീഡിയമേറ്റ്സിലെ രതീഷ് കരിയം, ഉണ്ണീസ് പാറശാല, ഉണ്ണി ഒളിമ്പ്യ, രമേഷ് ചാക്ക, ഗായത്രി അശോകൻ തുടങ്ങി 20 ഫോട്ടോഗ്രാഫർമാരാണ് സമൂഹത്തിനുനേർക്ക് തുറന്നു വച്ച ചിത്രങ്ങൾ പകർത്തി പൊതുജനങ്ങൾക്കു മുന്നിലെത്തിച്ചത്.
മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണം തന്നെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്.
വ്യാഴാഴ്ച നടന്ന ചിത്രപ്രദർശനം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ ഉദ്ഘാടനം ചെയ്തു. 218 ഓളം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടുന്ന മീഡിയമേറ്റ്സ് ജൂൺ നാലിന് സൈക്കിളിങ് റാലിയും പരിസ്ഥിതി ദിനത്തിൽ ഫോട്ടോവാക്കും ഉൾപ്പെടെയുള്ളവ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.