പോത്തൻകോട്: പൊട്ടക്കിണറ്റിൽ വീണ രണ്ട് കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇവ വീണത്. വസ്തു ഉടമ വാർഡംഗം ഷിനുവിനെയും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിലിനെയും വിവരമറിയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഷൂട്ടർമാർ എത്തി രാത്രി എട്ടരയോടെ കിണറ്റിൽ വച്ചുതന്നെ വെടിവെച്ച് കൊന്നു.
കിണറിനു സമീപത്തായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് അവയെ കുഴിച്ചു മൂടി. ഒരു മാസത്തിനിടെ പോത്തൻകോട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി 45 കാട്ടു പന്നികളെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശവും ഇരുചക്രവാഹന യാത്രക്കാർക്ക് അപകട ഭീഷണിയുമായതിനെ തുടർന്നാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി രണ്ടു ഷൂട്ടർമാരെയും മൂന്നു സഹായികളെയും ചുമതലപ്പെടുത്തി.
എല്ലാദിവസവും രാത്രി ഒരുമണിവരെ ഇവരുടെ സേവനം ലഭിക്കും. ഇതിനായി ഓരോ പന്നിക്കും ആയിരം രൂപവീതം അനുവദിച്ചു. കാട്ടുപന്നികളെ വെടിവെക്കുന്നത് അറിഞ്ഞെത്തുന്നവർ കൃത്യനിർവഹണത്തിന് തടസമുണ്ടാക്കുന്നതായും നാട്ടുകാർ തടിച്ചു കൂടുന്നത് അപകടത്തിന് കാരണമാകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.