തിരുവനന്തപുരം: കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ പൊലീസ് സംഘടനയിലെ ഇടതു നേതാവിന്റെ രാഷ്ട്രീയ പോസ്റ്റ് വിവാദത്തിൽ. പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അപഹസിച്ച് പോസ്റ്റിട്ടത്. കൺട്രോൾ റൂം എ.സി ഉൾപ്പെടെയുള്ള ഗ്രൂപ്പിലാണ് രാഷ്ട്രീയ പോസ്റ്റ്. മറ്റ് അംഗങ്ങൾ പോസ്റ്റ് നീക്കാൻ പറഞ്ഞിട്ടും നേതാവ് തയാറായില്ല. പേരൂർക്കട സ്റ്റേഷനിൽ ജോലിയിലിരിക്കെ, അടിപിടിയുണ്ടാക്കിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ് ഇദ്ദേഹം. പോസ്റ്റ് മാറ്റാൻ തയാറാകാത്തതിനാൽ പല ഉദ്യോഗസ്ഥരും ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി.
ഡി.വൈ.എഫ്.ഐയുടേത് പൊതിച്ചോറ് രാഷ്ട്രീയമാണെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനക്കുള്ള മറുപടിയായി മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ പ്രസംഗത്തോടൊപ്പം കുഞ്ഞുകുട്ടിയുടെ ചിത്രത്തിൽ രാഹുലിന്റെ മുഖം ചേർത്ത് അശ്ലീല പരാമർശത്തോടെയുള്ളതാണ് പോസ്റ്റ്.സൈബർ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കാവുന്ന കുറ്റമായിട്ടും നിയമ നടപടി സ്വീകരിക്കാൻ കൺട്രോൾ റൂം പൊലീസ് തയാറായിട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമം ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി പല തവണ സർക്കുലറുകൾ ഇറക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ പാലിക്കുന്നില്ല. നവകേരള സദസ്സിനിടെ, ഗോപീകൃഷ്ണൻ എന്ന പൊലീസുകാരന്റെ രാഷ്ട്രീയ വൈരത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരുന്നു. അതേസമയം, സംഭവത്തിൽ ഡി.ജി.പിക്ക് പരാതി നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കൊല്ലത്ത് പൊലീസുകാരനെതിരെ നൽകിയ പരാതിയിൽ ഇതുവരെ ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.