ഒരുകാലത്ത് കേരളത്തിലെ തൊഴില്പെരുമയുടെ അടയാളങ്ങളിലൊന്നായിരുന്നു മണ്‍പാത്ര നിർമാണവും ഇഷ്ടികക്കളങ്ങളും. ഉപജീവനമാര്‍ഗവും കുലത്തൊഴിലുമായി പതിനായിരങ്ങളുടെ ജീവനോപാധിയായ മേഖല. നമ്മുടെ അടുക്കളകള്‍ക്ക് അലങ്കാരമായിരുന്നതും ചുമരുകള്‍ക്ക് കുളിര്‍മ പകര്‍ന്നിരുന്നതും ഇവരുെട അധ്വാനമായിരുന്നു. ചൂളകളില്‍ ചുട്ടെടുക്കുന്ന മണ്‍പാത്രങ്ങള്‍ക്കും ഇഷ്ടികകള്‍ക്കും പുതിയ കാലഘട്ടത്തില്‍ ആവശ്യക്കാര്‍ ഏറുന്നെങ്കിലും നിർമാണത്തിന് ആവശ്യമായ കളിമണ്ണോ അധ്വാനത്തിനുള്ള കൂലിയോ കിട്ടാത്ത കാരണം പലയിടങ്ങളിലും ഈ തൊഴില്‍ മേഖല അന്യമാകുന്ന കാഴ്ചയാണ്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. ഇവരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല. ദുരിതത്തിലായ ഈ മേഖലയെക്കുറിച്ച് ഒരന്വേഷണം.
അമ്പലത്തറ: വർഷങ്ങൾക്ക് മുമ്പുവരെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗവും അതിലുപരി കുലത്തൊഴിലുമായിരുന്നു മണ്‍പാത്രനിർമാണവും ഇഷ്ടികക്കളങ്ങളും. അടുക്കളകളില്‍നിന്ന് മണ്‍പാത്രങ്ങളെ പുറന്തള്ളി പുത്തന്‍ സംവിധാനങ്ങളിലേക്ക് പുതിയ തലമുറ മാറിയതോടെ ഇവരുടെ അധ്വാനത്തിന് പിന്നീട് വിലകിട്ടാതെ വന്നു. ഇതോടെ പരമ്പാഗതമായി സംരക്ഷിക്കേണ്ട ഈ തൊഴില്‍ മേഖലയില്‍നിന്ന് പുതിയ തലമുറ ഒഴിഞ്ഞുമാറി. എന്നാൽ, വീണ്ടും പ്രകൃതിയെ തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ സംസ്കാരത്തോട് ഇഴുകിച്ചേര്‍ന്ന് നിർമിച്ചെടുക്കുന്ന മണ്‍പാത്രങ്ങള്‍ക്കും ചൂളകളില്‍ ചുട്ടെടുക്കുന്ന ഇഷ്ടികകള്‍ക്കും ആവശ്യക്കാരുടെ എണ്ണം വർധിച്ചു. എന്നാല്‍, ആവശ്യക്കാരുടെ ആവശ്യമനുസരിച്ച് മണ്‍പാത്രങ്ങളും ഇഷ്ടികകളും നിർമിച്ച് നല്കാന് കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ മണ്‍പാത്ര തൊഴിലാളികളും ഇഷ്ടികക്കളങ്ങളും.
തണ്ണീര്‍ത്തട നിയമപ്രകാരം പാടങ്ങളില്‍നിന്ന് കളിമണ്ണ് കുഴിക്കുന്നതിനുള്ള നിയന്ത്രണം എത്തിയതാണ് മണ്‍പാത്ര നിർമാണത്തിനും ഇഷ്ടികക്കളങ്ങൾക്കും തിരിച്ചടിയായത്. ഇതിനുപുറമെ ഈ തൊഴില്‍ മേഖലയെ സംരക്ഷിച്ച് നിര്‍ത്തേണ്ട സര്‍ക്കാറുകളും പാടെ അവഗണിച്ചതോടെ വ്യവസായം തന്നെ പ്രതിദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്ന മുതിര്‍ന്നവര്‍കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞാല്‍ തലമുറകള്‍ കൈമാറി തഴക്കത്തോടെയും ഒതുക്കത്തോടെയും കൃത്യമായ അളവില്‍ കൃത്രിമങ്ങള്‍ കാട്ടാതെ കൈകാര്യം ചെയ്തിരുന്ന മണ്‍പാത്ര നിർമാണം പഴങ്കകഥയായി മാറും.
ഇതിനിടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തുന്ന മണ്‍പാത്രങ്ങള്‍ സംസ്ഥാനത്തെ വിപണികള്‍ കൈയടക്കുന്നു. പ്രകൃതിക്കിണങ്ങിയ മണ്‍പാത്രങ്ങളുടെ ആരോഗ്യപരമായ ഗുണങ്ങള്‍ അറിയുന്ന ചിലരുടെ കനിവുകൊണ്ടാണ് ഈ വ്യവസായത്തിെൻറ പ്രൗഢി നഷ്ടപ്പെട്ടിട്ടും ഇന്നും ജില്ലയിലെ ചിലയിടങ്ങളില്‍ നിലനിന്ന് പോകുന്നത്. തൊഴില്‍ സരംക്ഷണമില്ലാതെ വന്നാല്‍ ഇവരും ഇതിനോട് വിടപറയുന്ന അവസ്ഥയാണ്. സ്വതസിദ്ധമായ കഴിവും പരിശീലനവുമാണ് കുലത്തൊഴിലായ ഈ വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ തൊഴിലാളികളെ പ്രാപ്തമാക്കിയിരുന്നത്.
പുരുഷന്മാര് ചക്രം തിരിച്ച് മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സ്ത്രീകള്‍ മിനുക്കുപണികള്‍ ചെയ്ത് കലം തലയിലേറ്റി കൊണ്ടുനടന്ന് വില്‍ക്കുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ഇവരുടെ തൊഴില്‍ മേഖലയെ സംരക്ഷിച്ച് നിര്‍ത്തേണ്ട മാറിമാറി വന്ന സര്‍ക്കാറുകള്‍ പൂര്‍ണമായും കൈയൊഴിഞ്ഞു. ഇതോടെ ഇവരുടെ ജീവിതങ്ങളും ദുരിതപൂര്‍ണമായി മാറി.
കളിമണ്ണ് എടുക്കുന്നതിനെതിരെ നിയമങ്ങള്‍ വന്നതോടെ ഇഷ്ടികക്കളങ്ങള്ക്കും ആവശ്യത്തിനുള്ള കളിമണ്ണ് കിട്ടാതെയായി. ഹോളോബ്രിക്സുകള്‍ എത്തിയതോടെ ഇഷ്ടികകള്‍ പതിയെ കളമൊഴിയാന്‍ തുടങ്ങി. ഇപ്പോള്‍ പലരും ഹോളോ ബ്രിക്സുകളില്നിന്ന് മാറി വീണ്ടും ഇഷ്ടികകള്‍ ഉപയോഗിച്ച് വീടുകള്‍ നിർമിക്കാന്‍ തയാറായിട്ടുണ്ട്. എന്നാൽ, ആവശ്യത്തിനുള്ള ഇഷ്ടികകള്‍ നിർമിച്ച് നല്കാന് അവശ്യമായ കളിമണ്ണ് ലഭ്യതയില്ലാതെ ഇഷ്ടികത്തൊഴിലാളികളും ദുരിയമനുഭവിക്കുന്നു.
തുടരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.