തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പുതിയ സ്ഥലം കണ്ടെത്തി മാറ്റണണമെന്ന ഭരണ പരിഷ്കാര കമീഷൻ ശിപാർശ അപ്രായോഗികമെന്ന് സെന്തിൽ കമീഷൻ റിപ്പോർട്ട്. നഗരപരിധിയിൽ അനുയോജ്യസ്ഥലം കണ്ടെത്തി എല്ലാ ആധുനിക സംവിധാനങ്ങളും ഉൾക്കൊള്ളുന്ന കെട്ടിടം നിർമിച്ച് അതിലേക്ക് സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കമീഷൻ നിരീക്ഷിക്കുന്നു. ഭരണപരിഷ്കാര കമീഷൻ നിർദേശിച്ച പോലെ പുതിയ സ്ഥലം മിനി ടൗണ്‍ഷിപ്പായി വികസിപ്പിക്കുന്നതിന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ ഒരുക്കണമെങ്കില്‍ നിരവധി വര്‍ഷം വേണ്ടിവരും.
ദീര്‍ഘകാലാടിസ്ഥാനത്തിൽ നിലവിലെ കെട്ടിടങ്ങൾ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിൽ ‘റീ മോഡലിങ് ’നടത്താൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണം. നിലവിലെ കെട്ടിടങ്ങള്‍ അവയുടെ സൗന്ദര്യവും പൈതൃകവും നഷ്ടപ്പെടാത്ത രീതിയിലും സുരക്ഷിതത്വം ഉറപ്പുവരുത്തിയും ശാസ്ത്രീയമായി പുനഃക്രമീകരിക്കാനായാൽ സമീപ ഭാവിയില്‍ മാറ്റിസ്ഥാപിക്കേണ്ടി വരില്ല. എപ്പോഴെങ്കിലും മാറ്റേണ്ടി വന്നാല്‍ നിലവിലുള്ളത് പൈതൃക കെട്ടിടങ്ങളായി ദീര്‍ഘകാലം നിലനിർത്താമെന്നും കമീഷൻ ശിപാർശ ചെയ്യുന്നു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥഘടനയും ഫയൽ പരിശോധനരീതിയും പൊളിച്ചെഴുതുന്നതിന് ശിപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച വി.എസ്. സെന്തിൽ കമീഷൻ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
• സെക്രട്ടേറിയറ്റിലെ സന്ദർശക സഹായകേന്ദ്രങ്ങളിൽ ഫയൽ വിവരങ്ങൾ അറിയാൻ സൗകര്യമേർപ്പെടുത്തണമെന്ന് കമീഷൻ ശിപാർശ ചെയ്തു. പരാതി നേരിട്ട് സമർപ്പിക്കാനാണെങ്കിൽ സന്ദർശക സഹായകേന്ദ്രങ്ങളിൽ തന്നെ സ്വീകരിച്ച് ഇ-ഓഫിസിന്റെ റസീപ്റ്റ് നമ്പർ നൽകാൻ സൗകര്യമൊരുക്കണം.
അതേസമയം മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള സന്ദര്‍ശകന്റെ അവകാശത്തിന് ഈ സംവിധാനം തടസ്സമാകാനും പാടില്ല. സെക്രട്ടേറിയറ്റ് സന്ദര്‍ശന സമയം ഉച്ചക്ക് 12 മുതല്‍ 1.15 വരെ കൂടി അനുവദിക്കുന്ന കാര്യം പരിശോധിക്കണം. വടക്കന്‍ ജില്ലകളില്‍നിന്ന് വരുന്ന സന്ദര്‍ശകര്‍ക്ക് അന്നുതന്നെ മടങ്ങുന്നതിന് ഈ സമയക്രമം സഹായകരമായിരിക്കും. നിലവിൽ വൈകീട്ട് മൂന്നുമുതലാണ് സന്ദർശന സമയം.
•സെക്രട്ടേറിയറ്റ് ആധുനീകരിക്കുമ്പോൾ അപേക്ഷകളുമായെത്തുന്ന പൊതുജനത്തിന് ആധുനിക സൗകര്യങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സജ്ജമാക്കണം. ഈ കേന്ദ്രങ്ങള്‍ ജീവനക്കാരുടെ വിശ്രമസ്ഥലങ്ങളായി ഉപയോഗിക്കാതിരിക്കാൻ കരുതലുണ്ടാകണം.
• സെക്രട്ടേറിയറ്റ് അനക്സ് 2ല്‍ ചെയ്ത പോലെ അനക്സ് ഒന്നിലും മെയിന്‍ കാമ്പസിലും ഉടൻ ദിശാസൂചകങ്ങള്‍ സ്ഥാപിക്കണം. ഓരോ കെട്ടിടത്തിന്റെയും പ്രവേശന ഭാഗത്ത് വിശദമായ ലേ ഔട്ടുകളും പ്രദര്‍ശിപ്പിക്കണം.
• ഉപയോഗശൂന്യമായ കേബിളുകളും വയറുകളും കെട്ടിടങ്ങളില്‍നിന്ന് നീക്കംചെയ്യണം. പകരം ഭൂമിക്കടിയിലൂടെയുള്ള മാതൃകകൾ സ്വീകരിക്കണം.
• സെക്രട്ടേറിയറ്റ് സന്ദര്‍ശിക്കുന്ന ദുര്‍ബലര്‍ക്കും വയോജനങ്ങൾക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും ഉചിതമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
• സെക്രട്ടേറിയറ്റ് കോമ്പൗണ്ടിന്റെ പിന്നിലുള്ള ഷെഡുകള്‍ പൊളിച്ചുമാറ്റി ഭൂമിക്കടിയിലും മുകളിലുമായി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.