വട്ടിയൂര്‍ക്കാവ്: ശാസ്തമംഗലം-കൊച്ചാര്‍ റോഡില്‍ മലിനജലം ഒഴുകുന്നതായി പരാതി. കൊച്ചാര്‍ കനാല്‍ ബ്ലോക്കായതിനെതുടര്ന്നാണ് മലിനജലം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ മഴക്കാലങ്ങളില്‍ മാത്രമായിരുന്നു മലിനജലവും മാലിന്യവും റോഡിലൂടെ ഒഴുകിയിരുന്നത്. ഇപ്പോള്‍ വേനല്‍ കടുത്തിട്ടും മലിനജലം റോഡിലൂടെ ഒഴുകുകയാണ്. കൊച്ചാര്‍ കനാല്‍ കടന്നുപോകുന്ന ശാസ്തമംഗലം ഭാഗത്ത് അനധികൃതമായി ഡ്രെയിനേജ് മാലിന്യം കൊച്ചാര്‍ കനാലില്‍ ഒഴുക്കുന്നതാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം റോഡിലൂടെ ഒഴുകാന്‍ ഇടയായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കിള്ളിയാറില്നിന്ന് രാജഭരണ കാലത്ത് പത്മതീർഥക്കുളത്തില്‍ വെള്ളംകൊണ്ടു പോകുന്നതിനുവേണ്ടി നിർമിച്ച ഡൈവേര്ഷന് കനാലാണ് കൊച്ചാര്‍ കനാല്‍. എന്നാല്‍, 35 വര്‍ഷത്തിലേറെയായി കനാല്‍ മാലിന്യവാഹിയായി മാറി. ഇതോടെ ഈ കനാലില്‍നിന്ന് പത്മതീര്‍ഥത്തില്‍ വെള്ളം എത്തിക്കുന്നില്ല.
കിള്ളിയാറില്നിന്ന് മരുതംകുഴി തടയണ മുതല്‍-ഇടപ്പഴഞ്ഞി, ജഗതി, ആര്യശാല, ചാല മാര്‍ക്കറ്റിനു സമീപത്തുകൂടിയാണ് കനാല്‍ കടന്നു പോകുന്നത്.
ഇപ്പോള്‍ ഏകദേശം 50 മീറ്ററോളം ദൂരത്താണ് മലിനജലം റോഡിലൂടെ ഒഴുകുന്നത്. ശാസ്തമംഗലം ഭാഗത്തുള്ള പൂര്‍ണിമ ലെയിന്‍ മുതല്‍ ഭരത് ലെയിന്‍ വരെയുള്ള ഭാഗങ്ങള്‍ മാത്രം പരിശോധിച്ചാല്‍ അപാകത കണ്ടുപിടിക്കാന്‍ കഴുയുമെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇതിലൂടെ 150ഓളം വീട്ടുകാരും ആയിരക്കണക്കിന് വാഹനയാത്രികരുമാണ് ദുരിതം അനുഭവിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കനാലിന്റെ നിലവിലത്തെ ഉടമസ്ഥാവകാശം മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ്. െഡ്രയിനേജിന്റെ ചുമതല സ്വീവേജ് വകുപ്പിനും. എന്നാല്‍, ഈ രണ്ടു വിഭാഗത്തിനും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കൂടാതെ, നഗരസഭയെ സമീപിക്കാനും പറയുന്നു.
എന്നാല്‍, അടുത്തിടെ വി.കെ. പ്രശാന്ത് എം.എല്‍.എ വിഷയത്തില്‍ ഇടപെടുകയും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മഴ കഴിഞ്ഞാല്‍ ഉടന്‍ കൊച്ചാര്‍ കനാലിലെ വെള്ളം അടച്ച ശേഷം മാലിന്യം നീക്കം ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് നിർദേശം നല്‍കിയതുമാണ്. എന്നാല്‍, അതും പാഴ്വാക്കായി എന്നാണ് റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും പറയുന്നത്.
തിരുവനന്തപുരം നഗരസഭ വിഷയത്തില്‍ ഇടപെട്ട് എത്രയും വേഗം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരവസ്ഥ പരിഹരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ മുന്നറിയിപ്പു നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.