തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 25 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി അബ്ദുൽ റഹ്മാനെയാണ് (24) അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം.
പിഴത്തുക പെൺകുട്ടിക്ക് നൽകണം. സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും വിധിയിലുണ്ട്.
പ്രതിയുടെ സഹോദരിയുടെ സുഹൃത്തായിരുന്നു പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടി. ആ പരിചയം പിന്നീട് പ്രണയമായി. ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ കുട്ടി സമ്മതിച്ചില്ല. തുടർന്ന് വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിച്ചു. പ്രതി പള്ളിയിൽ ഉസ്താദ് ആയതിനാൽ ചതിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു പെൺകുട്ടി. എന്നാൽ, ഇയാൾ പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറി. ചോദിക്കാനെത്തിയപ്പോൾ മോശമായി പെരുമാറി.
ഇതിൽ മനംനൊന്ത് 2018 ഡിസംബർ 13ന് അർധരാത്രി പ്രതിയുടെ വീടിന് മുകളിൽനിന്ന് ചാടി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പ്രതി പെൺകുട്ടിയെ മർദിക്കുകയും ചെയ്തു. ഒടുവിൽ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി മൊഴി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്മോഹൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.