വട്ടിയൂര്‍ക്കാവ്: അധികൃതരുടെ അവഗണനയും അനാസ്ഥയും മൂലം കളിമണ്‍ വ്യവസായം മണ്മറയുന്നു. കേരളത്തിൽ മണ്‍പാത്രങ്ങളുടെ സ്ഥാനം ഇപ്പോള്‍ സ്റ്റീലും അലുമിനിയവും കൈയ്യടക്കി. ഇപ്പോൾ മണ്‍പാത്രങ്ങള്‍ വെറും പ്രദര്‍ശന വസ്തുവായി. പ്രധാനമായും കുംഭാര (വേളാര്‍) സമുദായക്കാരാണ് മണ്‍പാത്ര നിര്‍മാണത്തിലുള്ളത്.
ഒരുകാലത്ത് കളിമണ്‍ പാത്രനിര്‍മാണത്തിന് പേരുകേട്ട സ്ഥലമായിരുന്നു ജില്ലയിലെ തൊഴുക്കല്‍. ഇവിടെ ഇപ്പോള്‍ നാമമാത്രമായി മാത്രമേ നിർമാണമുളളു.
650 ന് മുകളില്‍ കുടുംബങ്ങളുള്ള ഇവിടെ ഒരു കാലത്ത് എല്ലാ വീടുകളിലും മണ് പാത്രങ്ങൾ നിർമിച്ചിരുന്നു. ഇപ്പോഴിത് രണ്ടോ മൂന്നോ കുടുംബങ്ങളിലേക്ക് ചുരുങ്ങി. ജില്ലയിലെ പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, പേട്ട തുടങ്ങിയ സ്ഥലങ്ങളിലും ഒരുകാലത്ത് വ്യവസായം തഴച്ചുവളര്‍ന്നിരുന്നു. ഈ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവ് തന്നെയാണ്. ആവശ്യത്തിന് കളിമണ്‍ ലഭിക്കാത്തതാണ് വ്യവസായം നശിക്കാൻ ഇടയായത്.
കളിമണ്ണ് എടുക്കാന്‍ അനുവാദമില്ല. എവിടെ നിന്നെങ്കിലും കൊണ്ടുവരുന്നത് പിടിക്കപ്പെട്ടാല്‍ കേസാകും. അതിനാല്‍ തന്നെ കളിമണ്ണ് കൊണ്ടുവരാന്‍ വാഹനയുടമകൾ തയാറല്ല.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ കളിമണ്‍ വ്യവസായത്തിന് വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. തമിഴ്നാട്ടില്‍ അലുമിനിയം, സ്റ്റീല്‍ പാത്രങ്ങളുടെ ഉപയോഗം കുറയുന്നതിനും കളിമണ്‍ പാത്രങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനും സര്‍ക്കാര്‍ വളരെയധികം പ്രോത്സാഹനം നല്‍കുന്നുണ്ട്. യൂനിറ്റ് തുടങ്ങാന്‍ ചെറിയ വ്യവസ്ഥയില്‍ വായ്പ നല്‍കും.
കളിമണ്ണ് എടുക്കുന്നതിന് സ്ഥലവും പാസും നല്‍കും. ചൂളക്ക് ആവശ്യമായ വിറക് വനത്തില്‍നിന്ന് ശേഖരിക്കുന്നതിന് പാസും ലഭ്യമാക്കി വരുന്നു. കേരളത്തില്‍ ഇത് ഒന്നും തന്നെയില്ല. ചെറിയ യൂനിറ്റ് തുടങ്ങണമെങ്കില്‍ കുറഞ്ഞത് മൂന്നുലക്ഷത്തോളം രൂപയെങ്കിലും വേണ്ടിവരും. എന്നാല്‍, ഈ തുക കണ്ടെത്താന്‍ കേരളത്തിലെ ചെറുകിട തൊഴിലാളികള്‍ക്ക് കഴിയുന്നില്ല.
വെറും രണ്ട് സെന്റ് ഭൂമി മാത്രം സ്വന്തമുള്ള തൊഴിലാളികള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുന്നില്ല. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ പണിതാലും കിട്ടുന്നത് 350 രൂപ കൂലിയാണ്. അതിനാൽ മറ്റ് പണികള്‍ക്ക് പോവുകയാണ് വേളാര്‍ സമുദായക്കാര്‍.
ചൂളക്ക് ആവശ്യമായ വിറകും മണ്ണെണ്ണയും ലഭിക്കാത്തതും പക്ക മില്ലിന്റെ (മണ്ണ് അരയ്ക്കുന്ന യന്ത്രം) അഭാവവും വ്യവസായത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ഘടകങ്ങളാണ്. ഇപ്പോഴും പഴഞ്ചന്‍ വീലുകള്‍ ഉപയോഗിച്ചാണ് മണ്ണരക്കുന്നത്. കളിമണ്‍ നിർമാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയോ പെന്‍ഷനോ ഇല്ല. മിക്കവർക്കും നല്‍കിയിരിക്കുന്നത് എ.പി.എല്‍ കാര്‍ഡ് മാത്രം.
പട്ടിണിയും പരിവട്ടവുമായ തൊഴിലാളികള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാനുളള സൗമനസ്യം അധികൃതര്‍ കാണിക്കണമെന്നാണ് തൊഴിലാളികളുടെ ഇപ്പോഴുളള ദയനീയമായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.