തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പാര്‍ട്ടി ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നും എന്നാല്‍ സൂക്ഷ്മതലത്തില്‍ ചര്‍ച്ച നടത്താനായില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അതുകൊണ്ടാണ് ഇൗ വിഷയത്തിൽ പലഭാഗങ്ങളിൽനിന്ന് വിമര്‍ശനങ്ങളുണ്ടായപ്പോള്‍ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യംകണ്ട മികച്ച ഭരണാധികാരിയാണ് പിണറായി വിജയനെന്നും ജില്ല പത്ര പ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മുഖാമുഖത്തിൽ ബേബി പറഞ്ഞു.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ച് സംസ്ഥാന സെക്രേട്ടറിയറ്റ് വിശദീകരിച്ചതില്‍ എല്ലാമുണ്ട്. ഇടത് നയങ്ങളെല്ലാം അതേപോലെ നടപ്പാക്കാനുള്ള രാഷ്ട്രീയ സാഹചര്യമല്ല സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് മാവോവാദി വേട്ട, യു.എ.പി.എ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ സ്വന്തം നിലപാട് പുറത്തുപറയാനാകാത്തതില് ആത്മസംഘര്ഷമുണ്ടോയെന്ന ചോദ്യത്തിന് പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ ചുമതലപ്പെട്ടയാളാണ് താനെന്നും അതിനാൽ അക്കാര്യം പറയുന്നതില്‍ ആത്മസംഘര്‍ഷം തോന്നാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടത് ഭരണത്തിൽ വിജിലന്‍സിന് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള അധികാരവും സ്വാതന്ത്രവും ഉത്തരവാദിത്തവുമുണ്ട്. എന്നാൽ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അങ്ങനെയല്ലെന്ന് രാജ്യത്താകെയുള്ള അവരുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ വ്യക്തമാകും.
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതില്‍ അന്ധാളിപ്പ് വേണ്ട. ഇപ്പോള്‍ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. തെളിവുകളും അന്വേഷണവിവരങ്ങളും പുറത്തുവരട്ടെ. അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി ഇൗ വിഷയത്തിൽ ചര്‍ച്ച നടത്തേണ്ടതില്ല.
മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തത് കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് നിർദേശിക്കുന്ന വ്യക്തി എന്ന നിലയിലാണ്. അദ്ദേഹം ഓണ്‍ലൈനിലൂടെയും വാർത്തസമ്മേളനങ്ങളിലൂടെയും പ്രചാരണത്തിന് നേതൃത്വം നല്കിയാല് മതിയെന്ന് പാര്‍ട്ടി തീരുമാനിച്ചതാണ്. വികസനവും അപവാദ വ്യവസായവും തമ്മിലുള്ള മത്സരമാണ് ഈ െതരഞ്ഞെടുപ്പില്‍ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാറിെൻറ മാത്രമല്ല കേന്ദ്ര സർക്കാറിേൻറതുൾപ്പെടെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ നേടിയതിനേക്കാള്‍ മികച്ചവിജയം എല്‍.ഡി.എഫ് നേടും. അങ്ങനെ പറയാൻ യു.ഡി.എഫ് നേതൃത്വത്തിന് ധൈര്യമുണ്ടോ. എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി എന്നിവരുമായുള്ള ബന്ധം സംബന്ധിച്ച് യു.ഡി.എഫിൽ ഇപ്പോഴും തർക്കം തുടരുകയാണെന്നും ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.