തിരുവനന്തപുരം: വൈദ്യുതിബിൽ അടക്കാത്തതിന് ജനകീയ ഹോട്ടലിന്റെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചത് പരിശോധിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. വൈദ്യുതി ബിൽ കുടിശ്ശിക സംബന്ധിച്ച് ഹോട്ടൽ ജീവനക്കാരോ മറ്റ് അധികൃതരോ ഇതുസംബന്ധിച്ച വിവരം താനടക്കമുള്ള ഭരണസമിതി അംഗങ്ങളെ അറിയിച്ചില്ല.
വെള്ളിയാഴ്ച ഫ്യൂസ് ഊരിക്കൊണ്ടുപോയിട്ടും കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെയാണ് ഈ വിവരം താൻ അറിയുന്നത്. മാധ്യമങ്ങളിലൂടെയായിരുന്നില്ല അറിയേണ്ടിയിരുന്നത്. കോർപറേഷൻ ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന ജനകീയ ഹോട്ടലുകളൊന്നാണ് എസ്.എം.വി സ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്നത്.
പലപ്പോഴും കുടുംബശ്രീ പ്രവർത്തകരുടെ പരാതികളിന്മേൽ അനുഭാവ പൂർവമായ നടപടിയാണ് ഭരണസമിതി സ്വീകരിച്ചത്. വൈദ്യുതി ബിൽ കെ.എസ്.ഇ.ബി ഹോട്ടലിലെ ജീവനക്കാർക്കാണ് കൈമാറുന്നത്. ബിൽ ജീവനക്കാർ അടച്ചാലും കോർപറേഷൻ റീഇംബേഴ്സ് ചെയ്യുകയാണ് പതിവ്.
തിങ്കളാഴ്ച പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. എസ്.എം.വി സ്കൂളിന് എതിർവശത്തെ കോർപറേഷന്റെ കെട്ടിടത്തിലാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നഗരത്തിലെ ആദ്യത്തെ ജനകീയ ഹോട്ടൽ ആരംഭിച്ചത്.
വിധവകളടക്കം 10 കുടുംബശ്രീ പ്രവർത്തകരാണ് ഹോട്ടലിന്റെ നടത്തിപ്പുകാർ. വെള്ളിയാഴ്ച 12,000 രൂപ കുടിശ്ശിക ഉണ്ടെന്ന് കാണിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരിക്കൊണ്ടുപോകുകയായിരുന്നു. പ്രതിദിനം ആയിരത്തോളം ഉച്ചയൂണാണ് 20 രൂപക്ക് ഇവിടെനിന്ന് വിതരണം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.