തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി സി.ഐ.ടി.യു. ഏകപക്ഷീയമായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്ത് നൽകും. നടപടി പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോര്പറേഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കി.
ഓണസദ്യ വലിച്ചെറിഞ്ഞതിന്റെ പേരിൽ ഏഴ് തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഓണാവധിക്കുശേഷം തിങ്കളാഴ്ച കോർപറേഷൻ ഓഫിസ് തുറക്കാനിരിക്കെയാണ് സി.ഐ.ടി.യു സമ്മർദം ശക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ല സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.
പ്രതിഷേധിക്കുന്നവരെ ജോലിയിൽനിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സി.പി.എം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. അതേസമയം എന്തിന്റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്നാണ് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കിയത്.
ജോലിയെല്ലാം നേരത്തേ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടുമുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ശനിയാഴ്ച സി.ഐ.ടി.യു തൊഴിലാളികൾ തിരുവനന്തപുരം കോർപറേഷനിൽ പ്രതിഷേധിച്ചത്.
രാവിലെ അഞ്ചുമണിക്കെത്തി എട്ടരയോടെ ഓണാഘോഷത്തിലേക്ക് കടക്കാൻ പോകുന്നതിനിടെ അറവുമാലിന്യം പെറുക്കാൻ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ തൊഴിലാളികളെ കൊണ്ടുപോയി. തിരിച്ചെത്തിച്ചത് ഒന്നരയോടെ. ജോലി കഴിഞ്ഞ് ക്ഷീണിതരായെത്തിയ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ സദ്യ കഴിക്കാനെടുത്തപ്പോൾ ആറിത്തണുത്തിരുന്നു.
തുടർന്നായിരുന്നു തൊഴിലാളികളുടെ പ്രതിഷേധമെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.