തിരുവനന്തപുരം: ഗുണ്ട-മാഫിയ ബന്ധത്തിൽ നാണംകെട്ട് തലസ്ഥാന ജില്ലയിലെ പൊലീസ്. സിറ്റി, റൂറൽ മേഖലയിലെ പൊലീസുകാരിൽ ബഹുഭൂരിഭാഗത്തിനും ഗുണ്ട, മണൽ, റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് പൊലീസിലെ ഉന്നതർക്ക് ലഭിച്ചു. അതിന്റെ ഭാഗമായാണ് മൂന്ന് സി.ഐമാരെയും ഒരു എസ്.ഐയേയും സസ്പെൻഡ് ചെയ്തത്. സുപ്രധാന സ്ഥാനം വഹിച്ചിരുന്ന രണ്ട് ഡിവൈ.എസ്.പിമാർക്കെതിരെ ഉടൻ നടപടി വരും. ഇതിനു പുറമെയാണ് മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും സ്ഥലംമാറ്റാനുള്ള നീക്കവും.
ഗുണ്ടകൾക്ക് പുറമെ ലഹരി, റിയൽ എസ്റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധം പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തലസ്ഥാന ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളും ഭരിക്കുന്നത്. ഭൂമാഫിയയുടെ ഇടപാടുകളിൽ ഇടനിലക്കാരായി ഡിവൈ.എസ്.പി, സി.ഐ റാങ്കുകളിലുള്ളവരുമുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവേ ആസ്ഥാനത്തെ സി.ഐ അഭിലാഷ് ഡേവിഡിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. സമാന ആരോപണങ്ങളുടെയും കൃത്യനിർവഹണത്തിലെ വീഴ്ചകളുടെയും അടിസ്ഥാനത്തിലാണ് പേട്ട, മംഗലപുരം എസ്.എച്ച്.ഒമാരെയും സസ്പെൻഡ് ചെയ്തത്. പൊലീസിന് നേരെ ബോംബെറിഞ്ഞതിന് പിടിയിലായ ഷമീർ സ്റ്റേഷനകത്ത് ബ്ലേഡ് കൊണ്ട് ശരീരം മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മറ്റൊരു പ്രതിയായ ഷഫീഖ് മുഖ്യമന്ത്രിയുടെ സ്പെഷൽ പി.എസിന്റെ സഹോദരനെയും ആക്രമിച്ചു. ഇതിനെ തുടർന്നാണ് മംഗലപുരം എസ്.എച്ച്.ഒ സജീഷിനെ കഴിഞ്ഞദിവസം രാത്രിതന്നെ സസ്പെൻഡ് ചെയ്തത്. തിരുവല്ലത്ത് സസ്പെൻഷനിലായ എസ്.ഐ സാമ്പത്തിക തർക്കങ്ങൾ ഗുണ്ടകൾക്ക് ചോർത്തിക്കൊടുക്കുകയും അതുവഴി പൊലീസിന് കിട്ടുന്ന പരാതിയിൽ ഗുണ്ടകൾക്ക് ഇടപെടാൻ അവസരമൊരുക്കുകയും ചെയ്തു. മണ്ണ് മാഫിയയുമായുള്ള ബന്ധവും കണ്ടെത്തി.
ഗുണ്ടാസംഘങ്ങളുടെ പാർട്ടികളിലും മദ്യപാന സദസ്സുകളിലും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. പല ഉദ്യോഗസ്ഥരും ഗുണ്ടകളിൽനിന്ന് മാസപ്പടിയും ദിവസപ്പടിയും വാങ്ങുന്നതായും തെളിഞ്ഞു. അടുത്തിടെ ജില്ലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് അന്വേഷിച്ച ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഈ ഉദ്യോഗസ്ഥന്റെ മകളുടെ പിറന്നാൾ ആഘോഷത്തിന് ഗുണ്ടകൾ പണം പിരിച്ചെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. കേസന്വേഷണത്തിൽനിന്ന് മാറ്റിനിർത്തിയ ഇയാൾക്കെതിരെ ഉടൻ നടപടി വരുമെന്നാണ് വിവരം.
നിർണായക പോസ്റ്റിലുള്ള മറ്റൊരു ഡിവൈ.എസ്.പിയും ഗുണ്ടകളുടെ ആതിഥ്യം സ്വീകരിച്ച് മദ്യപാന സദസ്സിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. ഈ ഉദ്യോഗസ്ഥർക്കെതിരായ റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.