തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ പനിക്ക് ചികിത്സക്കെത്തിയ പത്തുവയസുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയത് രോഗിയെന്ന ഗൗരവംമറന്ന്. ഡോക്ടർ നൽകിയ കുറിപ്പടി പ്രകാരം ഡ്യൂട്ടിനഴ്സ് മരുന്ന് സിറിഞ്ചിൽ നിറച്ച് അത് എൻ.എച്ച്.എം നഴ്സിനെ ഏൽപിച്ചു, അവരാകട്ടെ ഈ മരുന്ന് പഠനത്തിന്റെ ഭാഗമായി പരിശീലനത്തിന് എത്തിയ നഴ്സിങ് കുട്ടികളോട് കുത്തിവെപ്പ് നൽകാൻ ആവശ്യപ്പെട്ടു.
കുട്ടിക്ക് മറുന്നുമാറി കുത്തിവെപ്പ് നൽകാനിടയാക്കിയത് ഈ വലിയ വീഴ്ചയാണ്. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും വ്യക്തമാക്കി. മെഡിക്കൽ നീതിശാസ്ത്ര പ്രകാരം ഒരിക്കലും ചെയ്യാൻപാടില്ലാത്ത കൃത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. സിറിഞ്ചിൽ മരുന്ന് നിറച്ച് കഴിഞ്ഞാൽ ഒരുകാരണവശാലും അത് നിലത്ത് വെക്കാൻപാടില്ല . അതിവിടെ അപ്പാടെ ലംഘിക്കപ്പെട്ടുവെന്നാണ് ബോധ്യമായിരിക്കുന്നത്. ചട്ടപ്രകാരമുള്ള സമയപരിധി നൽകി നഴ്സിങ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അത് ലഭിച്ചശേഷമാകും തുടർനടപടികൾ ആലോചിക്കുക എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
കണ്ണമൂല സ്വദേശിയുടെ മകനെ കഴിഞ്ഞ 30 നാണ് തൈക്കാട് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ച തായി ആരോപണം ഉയർന്നത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ എസ്.എ.ടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് ഇപ്പോഴും കുട്ടി. സംഭവദിവസം അവിടെ ഉണ്ടായിരുന്ന ഡ്യൂട്ടി നഴ്സ് കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവർ ഇപ്പോൾ സസ്പെൻഷനിലാണ്. എൻ.എച്ച്.എം നഴ്സിനെ സംഭവശേഷം പിരിച്ചുവിടുകയും ചെയ്തു. മരുന്ന് മാറിയതിനാലാണ് കുട്ടി അപകടാവസ്ഥയിൽ എത്തിയതെന്ന് കുട്ടി ഇപ്പോൾ ചികിത്സയിൽ കഴിയുന്ന എസ്.എ.ടി ആശുപത്രി അധികൃതരും അറിയിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരുന്ന് മാറിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യവിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥീരീകരിക്കാൻ കഴിയൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: പനിക്ക് ചികിത്സക്കെത്തിയ പത്തുവയസ്സുകാരന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മരുന്നുമാറി കുത്തിവെപ്പ് എടുത്തതുകാരണം ആരോഗ്യ നില ഗുരുതരമായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഓഗസ്റ്റ് 21 നു മുൻപ് ആരോഗ്യവകുപ്പ് ഡയറക്ടറും തൈക്കാട് ആശുപത്രി സൂപ്രണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്. അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.