തിരുവനന്തപുരം: തമ്പാനൂരിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. അരിസ്റ്റോ ജങ്ഷനിലെ ഗണപതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കാണിക്കവഞ്ചിയും അന്നദാനത്തിനായി ആളുകൾ പണം ദാനം ചെയ്യുന്ന പെട്ടിയും മോഷ്ടാവ് പൊളിച്ചു. ഇരുപതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രഭാരവാഹികൾ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
ഏത് സമയത്തും വിശ്വാസികൾ എത്തുന്നതിനാൽ വാതിൽ ചാരിയിടാറേയുള്ളൂ. ക്ഷേത്രത്തോട് ചേർന്ന് സ്വകാര്യ ബസുകൾ നിർത്തിയിടുന്ന പാർക്കിങ് ഗ്രൗണ്ടുണ്ട്. ഇതുവഴിയാണ് മോഷ്ടാവ് എത്തിയതെന്നാണ് കരുതുന്നത്. സമീപത്തെ പെട്ടിക്കടയിലും മോഷണം നടന്നു. ഇവിടെനിന്ന് ഭക്ഷണസാധനങ്ങളും വിൽപനക്ക് വെച്ചിരുന്ന സിഗരറ്റടക്കമുള്ള സാധനങ്ങളും മോഷണം പോയിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് കേസെടുത്തു.
ഫോറൻസിക് വിദഗ്ധരുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐമാരായ വി.എസ്. രഞ്ജിത്, സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞയാഴ്ച പൂജപ്പുരയിലും സമാനരീതിയിൽ ക്ഷേത്രത്തിൽ മോഷണം നടന്നതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.