തിരുവനന്തപുരം: പൊലീസ് നായ് കല്യാണിയുടെ മരണത്തിലെ ദുരൂഹത നീക്കി കെമിക്കൽ റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്നല്ല നായ് ചത്തതെന്നാണ് ആന്തരികാവയവങ്ങളുടെ കെമിക്കൽ പരിശോധന സംബന്ധിച്ച റിപ്പോർട്ട്. സെപ്റ്റിക് ഹെമറേജാണ് മരണ കാരണം. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. ആഹാരം ദഹിക്കാത്തതിനാലുള്ള ദുർഗന്ധമാണെന്നാണ് നിഗമനം. ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാർക്കെതിരെ നേരത്തേ ശിപാർശ ചെയ്ത വകുപ്പ് തല നടപടി പിൻവലിച്ചേക്കും. പൂന്തുറ ഡോഗ് സ്ക്വാഡിലെ എസ്.ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെയാണ് അച്ചടക്കനടപടിക്ക് ശിപാർശ ചെയ്തിരുന്നത്.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. കഴിഞ്ഞ വര്‍ഷം നവംബര്‍ 20നാണ് ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത്. നായുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ദുരൂഹത ഉയർന്നത്. കല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച് നായുടെ ആന്തരിക അവയവങ്ങൾ വിശദ രാസപരിശോധനക്ക് അയച്ചു. നായ് ചത്തത് വിഷം ഉള്ളിൽ ചെന്നല്ലെന്നാണ് റിപ്പോർട്ട്.
കേരള പൊലീസിന്റെ കെ ഒമ്പത് സ്ക്വാഡിലെ അംഗമായ കല്യാണി അടുത്തിടെ മസ്തിഷ്കാര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് മരുന്നുകള്‍ കഴിച്ചിരുന്നു. മരുന്നിലെ രാസ വസ്തുക്കളാണോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതെന്നും അന്വേഷണം നടക്കുന്നുണ്ട്. 2015ല്‍ സേനയുടെ ഭാഗമായ കല്യാണിക്ക് 2021ല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലന്‍സ് പുരസ്കാരം ലഭിച്ചിരുന്നു. സേനയിലെ മിടുക്കിയെന്ന പരിവേഷമുള്ള നായ്ക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.