തിരുവനന്തപുരം: തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ടി.വി ചാനലിലെ പ്രോഗ്രാം അസി. കാമറമാൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. വീട്ടമ്മയെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നും പ്രണയനൈരാശ്യമാണ് പിന്നിലെന്നും പൊലീസ് പറയുന്നു.
പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി. കുമാർ (52), പേയാട് ചെറുപാറ എസ്.ആർ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിട്ടറി ക്യാമ്പിലെ താൽകാലിക ജീവനക്കാരിയുമായ ആശ (42) എന്നിവരെയാണ് ഞായറാഴ്ച തമ്പാനൂർ കെ.എസ്.ആർ.ടി ബസ്റ്റാൻഡിന് സമീപത്തെ കൊടിയിൽ ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയെ കഴുത്തിനു കുത്തേറ്റ നിലയിലും കുമാറിനെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലുമാണു കണ്ടെത്തിയത്.
നാട്ടുകാരായ ആശയും കുമാറും കോവിഡ് കാലത്താണ് കൂടുതൽ അടുക്കുന്നത്. ആശയുടെ പേരിലുള്ള വീട്ടിൽ കുമാർ വാടകക്ക് താമസിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ഭാര്യയുമായി പിരിഞ്ഞ കുമാർ നാലു വർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റക്കാണു താമസം. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കൊടിയിൽ ടൂറിസ്റ്റ് ഹോമിൽ രണ്ടുവർഷം മുമ്പ് വരെ ഇരുവരും സ്ഥിരം സന്ദർശകരായിരുന്നുവെന്ന് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാർ പറയുന്നു. ജോലി സ്ഥലത്ത് അവധി പറഞ്ഞ് കുമാറിനുള്ള ഭക്ഷണവുമായി രാവിലെ എത്തുന്ന ആശയെ ജീവനക്കാർക്ക് ഏറെ പരിചയവുമാണ്.
എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം ആശയുടെ മക്കളും കുടുംബവും അറിഞ്ഞതോടെ കുമാറിൽ നിന്ന് ആശ അകലം പാലിക്കാൻ തുടങ്ങി. ഇത് കുമാറിന് ആശയോടുള്ള വൈരാഗ്യത്തിന് കാരണമായതായാതി പൊലീസ് സംശയിക്കുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോഡ്ജിൽ കുമാർ മുറിയെടുക്കുന്നത്. ശനിയാഴ്ച ആശയും തനിക്കൊപ്പമുണ്ടാകുമെന്ന് സുഹൃത്തായ ലോഡ്ജ് ഉടമയെ കുമാർ അറിയിച്ചിരുന്നു.
ആശയുമായി നാടുവിടാനായി 50,000 രൂപ ഇയാൾ കരുതിയിരുന്നു. വരാൻ വിസമതം അറിയിച്ചാൽ ആശയെ വകവരുത്താൻ മൂന്ന് കത്തിയും കൊലപാതകത്തിന് ശേഷം ജീവനൊടുക്കാൻ കയറും കുമാർ ബാഗിൽ കരുതിയിരുന്നു. കുമാറിന് ഭക്ഷണവുമായാണ് ആശ ശനിയാഴ്ച രാവിലെ എത്തിയത്. പിന്നീട് ഇരുവരെയും ലോഡ്ജ് ജീവനക്കാർ മുറിക്ക് പുറത്ത് കണ്ടിട്ടില്ല.
രാത്രി 11ഓടെ കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ഡോക്ടർ പൊലീസിന് നൽകിയ മൊഴി. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കുമാറിനൊപ്പം പോകാൻ ആശ വിസമതിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൈയിൽ കരുതിയിരുന്ന മൂന്നു കത്തികളിൽ ചെറിയ കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
കഴുത്തിൽ നാലു തവണ കുത്തേറ്റ പാടുണ്ട്. കൊലപാതകത്തിന് മുമ്പ് ആശയെ മർദിക്കുകയും ചെയ്തിരുന്നു. ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാൽ ഭർത്താവ് സുനിൽ സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോൾ ആശ അവധിയാണെന്ന് അറിഞ്ഞു. സുനിലിന്റെ പരാതിയിൽ ശനിയാഴ്ച രാത്രി 11ന് വിളപ്പിൽശാല പൊലീസ് കേസെടുത്തു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് മുറിക്കുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.