വര്‍ക്കല: നിയോജക മണ്ഡലത്തിൽ പുതിയ പ്രസിഡന്റുമാരെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് വര്‍ക്കല കോണ്‍ഗ്രസിൽ അതൃപ്തി മറനീക്കി. വര്‍ക്കലയിലെ നേതാക്കളുടെ അഭിപ്രായവും പ്രാദേശിക വികാരവും പരിഗണിക്കാതെ ജില്ല നേതൃത്വമാണ് ചിലയിടങ്ങളിൽ ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന പരാതിയാണ് ഒരു വിഭാഗത്തെ നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവരാൻ പ്രേരിപ്പിച്ചത്. വെട്ടൂര്‍, ഇലകമണ്‍, നാവായിക്കുളം മണ്ഡലങ്ങളിലാണ് പ്രതിഷേധം ശക്തമായുള്ളത്.
ബ്ലോക്ക് തലത്തില്‍ നിയോഗിക്കപ്പെട്ട സബ് കമ്മിറ്റികള്‍ ചർച്ചചെയ്ത് ഐകകണ്ഠ്യേന അംഗീകരിച്ചാണ് പേരുകൾ ജില്ല കമ്മിറ്റിക്ക് നല്‍കിയത്. അവരെ ഒഴിവാക്കി പുതിയ ആള്‍ക്കാരെയാണ് ജില്ല നേതൃത്വം പ്രസിഡന്റുമാരാക്കിയതത്രെ. ഇതാണ് വര്‍ക്കലയിലെ നേതാക്കളെ ചൊടിപ്പിച്ചത്.
പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം പുത്തന്‍ചന്തയിലെ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന് കോണ്‍ഗ്രസ് സംരക്ഷണ നേതൃസംഗമം നടത്തി. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റ് നിയമനത്തില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി സംഗമത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ നല്കിയ രണ്ടുപേരുകളും ഒഴിവാക്കി പകരം ഉള്‍പ്പെടുത്തിയത് സി.പി.എം, ബി.ജെ.പി ബന്ധമുള്ളവരെയാണെന്നും അവരെ അംഗീകരിക്കില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.
കെ.പി.സി.സി നേതൃത്വത്തിന്റെ കണ്ണുവെട്ടിച്ച് ചില നേതാക്കള്‍ നടത്തിയ നീക്കമാണ് അനര്‍ഹര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കാരണമെന്നും അവർ ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സ്വീകാര്യമല്ലാത്തവരെ മാറ്റി പുതിയ പ്രസിഡന്റുമാരെ നിയോഗിക്കണമെന്നാണ് യോഗത്തിലുയർന്ന ആവശ്യം.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. ഷാലിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ പി.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.എം. താഹ, രവീന്ദ്രന് ഉണ്ണിത്താന്, അഡ്വ. അസിം ഹുസൈന്, വൈ. ഷാജഹാന്, സുബൈദ, പള്ളിക്കല്‍ നിസാം, വെട്ടൂര്‍ സുജി, വിനോജ് വിശാല്‍, പനയറ രാജു, ബിനു വെട്ടൂര്‍, പി.ജെ. നൈസാം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.