ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിനെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ സ്വകാര്യ ബസ് തടഞ്ഞിട്ട് നാട്ടുകാർ. അയിലം-ആറ്റിങ്ങൽ-മെഡിക്കൽ കോളജ് വഴി തിരുവനന്തപുരത്തേക്ക് രാവിലെ സർവിസ് നടത്തി വരുന്ന കെ.എസ്.ആർ.ടി.സി ബസിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ തച്ചൂർക്കുന്നിൽ സ്വകാര്യ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചത്. കോവിഡിനു ശേഷം നിർത്തലാക്കിയ സർവിസ് നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം കഴിഞ്ഞമാസമാണ് പുനരാരംഭിച്ചത്. നഗരസഭ മുൻ ചെയർമാനായിരുന്ന എം. പ്രദീപിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി ഒ.എസ്. അംബിക എം.എൽ.എക്കും ജില്ല ട്രാൻസ്പോർട്ട് ഓഫിസർക്കും നിവേദനം നൽകിയിരുന്നു. എം.എൽ.എ ഇടപെട്ടാണ് റൂട്ട് പുനഃസ്ഥാപിച്ചത്. രാവിലെ 6.40ന് ആറ്റിങ്ങിൽനിന്ന് അയിലത്തേക്കും തിരിച്ച് 7.15ന് അയിലത്ത് നിന്ന് മെഡിക്കൽ കോളജ് വഴി തിരുവനന്തപുരത്തേക്കുമാണ് സർവിസ്. കഴിഞ്ഞ മാസം ആറ്റിങ്ങൽ-അയിലം റൂട്ടിൽ പുതിയ സർവിസ് സ്വകാര്യബസിന് നൽകിയതാണ് നിലവിൽ പ്രതിസന്ധി. രാവിലെ ആറ്റിങ്ങലിൽ നിന്ന് 6.20ന് ആരംഭിച്ച് അയിലത്തെത്തി തിരിച്ച് 7.25ന് ആറ്റിങ്ങലിലേക്ക് സർവിസ് നടത്താനുള്ള അനുമതിയാണ് ആർ.ടി.ഒ നൽകിയത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച സമയത്തിന് മുമ്പായി സർവിസ് നടത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. അനുവദിച്ച സമയത്ത് സർവിസ് നടത്തമെന്ന് ഉടമ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച സമയത്ത് സ്വകാര്യ ബസ് സർവിസ് നടത്തുന്നതിനെതിരെ ആർ.ടി.ഒക്ക് പരാതി നൽകുമെന്ന് കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലെ ട്രാഫിക് ഇൻസ്പെക്ടർ സുധീറുദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.