വർക്കല: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാരയുണ്ടെന്ന് കെ. മുരളീധരൻ എം.പി. യു.ഡി.എഫ് വർക്കലയിൽ സംഘടിപ്പിച്ച വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാരയുണ്ടാക്കിയത്. തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബി.ജെ.പിയെ സഹായിക്കാനാണ് സി.പി.എമ്മുമായി രഹസ്യ ധാരണ.
അതിന് തെളിവാണ് പ്രധാനമന്ത്രിയുടെ തൃശൂർ പ്രസംഗം. സ്വർണക്കടത്ത് തനിക്കറിയാമെന്ന് പറഞ്ഞാണ് മോഡി പിണറായിയെ വിരട്ടിയത്. മറ്റെല്ലായിടങ്ങളിലും ഇ.ഡി കടന്നുകയറിയപ്പോൾ പിണറായിയുടെ ഓഫിസിൽ ഇ.ഡി കയറാത്തത് ഈ അന്തർധാരയുടെ ഭാഗമാണ്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് ട്വന്റീ ട്വന്റി അടിക്കണം. അതിലൂടെ ചക്രവർത്തിയെ പുറത്താക്കാനും രാജാവിനിട്ട് രണ്ട് ചവിട്ടുകൊടുക്കാനുമുള്ള അവസരമാണ് വരുന്നത്. ഇത് യു.ഡി.എഫ് പ്രവർത്തകർ അശ്രാന്ത പരിശ്രമം നടത്തണം. മോദിയുടെയും പിണറായിയുടെയും രഹസ്യധാരണയും ദുർഭരണവും പ്രവർത്തകർ വീടുവീടാന്തരം കയറി വോട്ടർമാരെ ബോധ്യപ്പെടുത്തണം.
കടമെടുത്ത് മുടിച്ചത് കൂടാതെ ധൂർത്തും നടത്തി പിണറായി വിജയൻ കേരളത്തെ മുച്ചൂടും മുടിച്ചു. ഒരു കൊമ്പനാനയും 20 പിടിയാനകളും നടത്തിയ യാത്രയാണ് നവകേരള സദസ്സ്.
യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ അധ്യക്ഷത വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി, എം. വിൻസെന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ, വർക്കല കഹാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ,അഡ്വ. എസ്. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.