വർക്കല: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും റോഡുകൾ നിറഞ്ഞൊഴുകി. ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഹരിഹരപുരം ചിറക്കോണത്ത് രാജിയുടെ വീട് ഭാഗികമായി ഇടിഞ്ഞുവീണു. ഓടും ഷീറ്റും മേഞ്ഞ വീടിന്റെ അടുക്കളഭാഗമാണ് ഇടിഞ്ഞത്. അപകടം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട് കൂടുതൽ അപകടാവസ്ഥയിലായതോടെ കുടുംബം ബന്ധുവീട്ടിലേക്ക് മാറി.
ഇലകമൺ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം റോഡ് പൂർണമായും വെള്ളക്കെട്ടായി. അയിരൂർ വില്ലി കടവ് റോഡിലെ ഓടയുടെ അശാസ്ത്രീയ നിർമാണം കാരണമാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെന്നും ആക്ഷേപമുണ്ട്. മഴവെള്ളം ഓടയിലേക്ക് ഇറങ്ങാതെ റോഡിലൂടെ ഒഴുകുകയാണ്. സമീപത്തെ വീടുകളിലും വെള്ളം കയറുന്ന അവസ്ഥയാണ്.
വർക്കലയിലെ ടൂറിസം മേഖലയിലെ മിക്കവാറും ഇടറോഡുകളെല്ലാം വെള്ളക്കെട്ടായി മാറി. തിരുവമ്പാടി ബീച്ച് റോഡിൽനിന്നും ബ്യൂറോ മൂക്കിൽനിന്നും ഇടത്തോട്ട് പോകുന്ന റോഡ് പൂർണമായും വെള്ളക്കെട്ടിലായി. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വെള്ളക്കെട്ടിലൂടെയാണ് നടന്നുനീങ്ങുന്നത്.
വർക്കല മൈതാനം ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, ജവഹർ പാർക്ക്, പുന്നമൂട്, കണ്ണംബ, ഇടവയിലെ ജനതാമുക്ക്, മരക്കടമുക്ക് തുടങ്ങിയ പ്രദേശങ്ങളിലും റോഡ് പൂർണമായും വെള്ളക്കെട്ടായി. ഇടവ മേഖലയിലെ ഏലാകളും നിറഞ്ഞു. മേക്കുളം, കാക്കുളം, പുന്നകുളം, പൂത്തകുളം, കന്നിന്മേൽ, കാപ്പിൽ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.