വർക്കല: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചുള്ള പ്രവേശനം അനുവദിക്കണമെന്നും തുല്യമായ സാമൂഹികനീതി കൈവരിക്കാന്‍ ദേവസ്വം ബോര്‍ഡില്‍ സംവരണം ഏര്പ്പെടുത്തണമെന്നതുമടക്കം ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്കരണയാത്രയും പ്രാർഥനായജ്ഞവും നടത്തുമെന്ന് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണസഭ. ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുദേവഭക്തരും പങ്കെടുക്കും.
സംസ്ഥാനത്ത് തുടര്‍ന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ പലതും കാലത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും മാറ്റേണ്ടവ മാറ്റണമെന്നും വലിയൊരു ജനവിഭാഗം ആഗ്രഹിക്കുന്നുവെന്നും ഭാരവാഹികൾ വ്യക്തമാക്കി. ജാതിപരമായ വേര്‍തിരിവ് നിലനില്‍ക്കുന്ന കാലത്ത് രൂപപ്പെട്ടതാണ് ഇക്കാലത്തും തുടരുന്ന പലകാര്യങ്ങളും. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള ക്ഷേത്രപ്രദര്‍ശനം മേല്‍ ജാതിയില്‍പെട്ടവരുടെ താല്പര്യസംരക്ഷണാർഥമായിരുന്നു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉദ്യോഗങ്ങള്‍ 90 ശതമാനവും ഉയര്‍ന്ന വിഭാഗക്കാർക്കാണ്. എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ഉദ്യോഗങ്ങള്‍ നല്‍കണം. ശ്രീനാരായണഗുരുവിന്റെ കൃതികളും ദര്‍ശനവും സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ ഏറ്റവും പര്യാപ്തമായിട്ടും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സ്ഥാനമില്ല. ഇത് തിരുത്തണം.
ഗുരുദേവകൃതികള്‍ ക്ഷേത്രങ്ങളില്‍ ജപിക്കാനുള്ള സൗകര്യങ്ങളുമുണ്ടാകണം. രാവിലെ 10ന് തിരുവനന്തപുരത്തെ ശ്രീനാരായണഗുരു പാര്‍ക്കിലെ ഗുരുദേവ പ്രതിമക്ക് മുന്നില്‍ പ്രാർഥനയും പുഷ്പാര്‍ച്ചനയും നടത്തി അവിടെനിന്ന് ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്കൊപ്പം ഗുരുധര്‍മ പ്രചാരണസഭ പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തും.
തുടർന്ന്, അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, ഗുരുധര്‍മപ്രചാരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.