വർക്കല: ശിവഗിരിക്കുന്നിലെ സൗമ്യതയുടെ പുഞ്ചിരി മാഞ്ഞു. വിശ്വമാനവികതയുടെ ദർശനങ്ങൾ അരുൾചെയ്ത ശ്രീനാരായണ ഗുരുവിെൻറ അധ്യാപനങ്ങൾ സ്വജീവിതത്തിൽ പകർത്തി അരികിലെത്തുന്നവരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച ആത്മീയതയുടെ ആചാര്യനാണ് വിടപറഞ്ഞത്. സ്വാമി പ്രകാശാനന്ദയുടെ വിയോഗവാർത്ത അറിഞ്ഞതുമുതൽ സ്വതവെ ശാന്തിയുടെ കളിത്തൊട്ടിലായ ശിവഗിരിക്കുന്നും താഴ്വാരവും ശോകമൂകമായി. വാർധക്യത്തിെൻറ വയ്യായ്കയും കാലം വരുത്തിയ ക്ലേശങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സ്വാമി പ്രകാശാനന്ദ അതൊരിക്കലും സമ്മതിക്കുമായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരുന്നു. ആ മനഃധൈര്യം പോലെതന്നെയായിരുന്നു പെരുമാറ്റവും.
മഠത്തിലും പുറത്തും ആരെങ്കിലും സഹായിക്കാനായി കൈനീട്ടിയാൽ സ്നേഹപൂർവം നിരസിച്ച് തനിയെ പടവുകൾ കയറിയിറങ്ങുന്ന നിശ്ചയദാർഢ്യത്തിെൻറ കാഴ്ച അടുത്തകാലം വരെയും ശിവഗിരിയിൽ സുപരിചിതമായിരുന്നു. കൂടുതൽ ക്ഷീണിതനായ, ആശുപത്രിയിലെ വിശ്രമജീവിതത്തിലും ആ മനസ്സിെൻറ ധൈര്യം ചോർന്നുപോയിരുന്നില്ല. ഗുരുവരുളിെൻറ ഉൾവിളിയുമായാണ് കുമാരൻ എന്ന യുവാവ് ശിവഗിരിയിലെത്തിയത്.
ശിവഗിരിയിലെ മണ്ണും വിണ്ണുമായി താദാത്മ്യം പ്രാപിച്ച കുമാരൻ പിന്നീട് യാത്ര പുറപ്പെട്ടു. കന്യാകുമാരിമുതൽ നേപ്പാൾവരെ ഭാരതത്തിെൻറ ഹൃദയത്തിലൂടെയും ആത്മാവിലൂടെയുമായിരുന്നു തീർഥയാത്ര.
ഇന്ത്യയിലെ മിക്കവാറും എല്ലാ തീർഥഘട്ടങ്ങളും ആശ്രമങ്ങളും സന്ദർശിച്ചു. രണ്ടു വർഷത്തിലധികം നീണ്ടു ആ യാത്ര. മലമ്പനി രോഗബാധയുൾപ്പെടെ വിഘ്നങ്ങൾ പലതുണ്ടായിട്ടും യാത്ര മുടക്കിയില്ല. എല്ലാ പ്രതിബന്ധങ്ങളെയും നിശ്ചയദാർഢ്യത്തോടെ ശാന്തഗംഭീരനായി തരണം ചെയ്തു. തുടർന്ന് ശങ്കരാനന്ദ സ്വാമികളിൽനിന്ന് 1958 ൽ 35ാമത്തെ വയസ്സിൽ സന്യാസദീക്ഷ സ്വീകരിച്ച് കുമാരൻ സ്വാമി പ്രകാശാനന്ദയായി.
ഗുരുദേവൻ സ്ഥാപിച്ച അരുവിപ്പുറം മഠത്തിലും കുന്നുംപാറ മഠത്തിലും ദീർഘകാലം സേവനനിരതനായിരുന്നു. ഗുരുഭക്തിയുടെയും ഗുരുധർമത്തിെൻറയും പ്രകാശവീഥിയിൽ കർമകുശലനും സൗമ്യനുമായി ഗുരുസേവ തുടർന്നു. സ്വാമി ഗീതാനന്ദക്കുശേഷം 1970ൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റിെൻറ ജനറൽ സെക്രട്ടറിയായി. ഒമ്പത് വർഷം ആ സ്ഥാനത്ത് തുടർന്നു.
ഗുരുവിെൻറ 50ാം സമാധിദിനാചാരണത്തോടനുബന്ധിച്ച് ഗുരുദർശനവും മഹാസന്ദേശങ്ങളും ആഗോളതലത്തിൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ശ്രീനാരായണഗുരു വർഷാചരണം സംഘടിപ്പിച്ചതും സ്വാമി ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ്. അക്കാലത്ത് പ്രസിദ്ധീകരിച്ച 'ശ്രീനാരായണയുഗപ്രഭാവം' എന്ന ബൃഹദ് ഗ്രന്ഥം ശ്രീനാരായണസാഹിത്യത്തിലെ കെടാവിളക്കായി ഇന്നും പ്രശോഭിക്കുന്നു.
സ്വാമി പ്രകാശാനന്ദക്ക് കണ്ണീർ പ്രണാമം
വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറും ശിവഗിരി മഠത്തിലെ ഏറ്റവും മുതിർന്ന സന്യാസിയുമായിരുന്ന സ്വാമി പ്രകാശാനന്ദക്ക് കേരളത്തിെൻറ കണ്ണീർ പ്രണാമം. ബുധനാഴ്ച ഉച്ചയോടെ ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽനിന്ന് ഭൗതിക ശരീരം ശിവഗിരി മഠത്തിലെത്തിച്ചു. ശാരദമഠത്തിന് പുറകിലെ മിനി ഹാളിൽ പൊതുദർശനത്തിനു െവച്ച മൃതശരീരത്തിൽ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി. ശിവൻകുട്ടി അന്ത്യോപചാരമർപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, കെ.എം. ബാലഗോപാൽ, ജി.ആർ. അനിൽ, ആൻറണി രാജു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, എം.പിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കെ. ബാബു, എം. വിൻസൻറ്, അഡ്വ.വി. ജോയി, പി.സി. വിഷ്ണുനാഥ്, ഒ.എസ്. അംബിക, മുൻ എം.എൽ.എ വർക്കല കഹാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മേയർ ആര്യാ രാജേന്ദ്രൻ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. വൈകീട്ട് അഞ്ചോടെ ഭൗതികശരീരം ശിവഗിരി മഠത്തിെൻറ സമാധി പറമ്പിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സമാധിയിരുത്തി. സന്യാസിമാരും ബ്രഹ്മചാരികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.