വർക്കല: കിണറ്റിലകപ്പെട്ട നായെ രക്ഷിക്കാനിറങ്ങിയ യുവാവ് 100 അടിയിലധികം ആഴമുള്ള കിണറ്റിലകപ്പെട്ടു. ഗുരുതരപരിക്കേറ്റ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെ വെട്ടൂർ വെന്നികോട് വലയന്റെകുഴിയിൽ എം.എ ഭവനത്തിൽ അനിതയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് അപകടമുണ്ടായത്.
കിണറ്റിലകപ്പെട്ട വളർത്തുനായെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വടശ്ശേരിക്കോണം കാറാത്തല ഷൈനു ഭവനിൽ കണ്ണനാണ് (31) അപകടത്തിൽപെട്ടത്. നായെ കയറിൽകെട്ടി മുകളിൽ നിന്നവർ കപ്പിവഴി കയറ്റിയപ്പോഴാണ് കിണറിന്റെ അരച്ചുവരും തൂണുകളും ഏകദേശം 10 അടിയോളം ഭാഗത്തെ മണ്ണും തകർന്ന് കിണറിനകത്തുനിന്ന് രക്ഷാപ്രവർത്തനം നടത്തിയ കണ്ണന്റെ മേൽ പതിച്ചത്.
കിണറ്റിനകത്ത് അരക്കൊപ്പം മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു യുവാവ്. കിണറ്റിൽനിന്ന് വലിച്ചു കയറ്റുന്നതിനിടയിൽ കല്ലും, മണ്ണും ദേഹത്ത് പതിച്ച് വളർത്തുനായ് രക്ഷാപ്രവർത്തനത്തിനിടയിൽ ചത്തു. അതിഅപകടാവസ്ഥയിൽ അഗ്നിരക്ഷാസേന രണ്ടര മണിക്കൂർ നേരം കഠിന പ്രയത്നം ചെയ്താണ് കണ്ണനെ പുറത്തെടുത്തത്. ഇയാൾക്ക് തലയിലും കഴുത്തിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ മണികണ്ഠൻ, വിനോദ് കുമാർ എന്നിവരാണ് മറ്റു ജീവനക്കാരുടെ സഹായത്തോടെ കണ്ണനെ രക്ഷിച്ചത്. താലൂക്കാശുപത്രിയിൽ എത്തിച്ച ഇയാളെ വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.