വർക്കല: വാഹനക്കുരുക്കിൽ നട്ടംതിരിഞ്ഞ് ഇടവ ജങ്ഷൻ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തതിനാൽ നാട്ടുകാർ പൊറുതിമുട്ടി. രാവിലെയും വൈകീട്ടുമാണ് ജങ്ഷനിൽ വാഹനക്കുരുക്ക്. ബാങ്കുകൾ, പോസ്റ്റ് ഓഫിസ് എന്നിവക്കു മുന്നിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
പൊതുവെ ഇടവ ജങ്ഷൻ നിന്നുതിരിയാനിടമില്ലാത്ത വിധം തിരക്കുണ്ട്. വെൺകുളം മുതൽ ഇടവ വരെയും ഗേറ്റ് മുതൽ മദ്റസ വരെയും പ്രധാന റോഡ് ഇടുങ്ങിയതാണ്. പഞ്ചായത്ത് ഓഫിസിന് മുന്നിലും രാവിലെ മുതൽ ഉച്ചക്ക് രണ്ടുവരെ കാൽനടക്കാർക്കുപോലും കടന്നുപോകാനാകാത്ത വിധം ഗതാഗതക്കുരുക്കിലമരും. റെയിൽവേ ഗേറ്റ് മുതൽ മൂന്നുമൂല വരെയുള്ള റോഡിൽ ഒരു വശം ഓട്ടോ പാർക്കിങ്ങും എതിർവശത്ത് മത്സ്യവിൽപനയും നടത്തുന്നുണ്ട്. ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
ഇടവ റെയിൽവേ ഗേറ്റ് തുറക്കുന്ന വേളയിൽ ജങ്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഗേറ്റ് അധികനേരം അടച്ചാൽ ജങ്ഷനിൽ നിന്ന് മൂന്നുമൂല വരെയും ഇടവ പഞ്ചായത്ത് ഓഫിസിനു മുന്നിൽനിന്ന് മദ്റസ ജങ്ഷൻവരെയും വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടാകും.
വെൺകുളം ചന്ത രാവിലെ തന്നെ ശൂന്യമാകുന്നതോടെയാണ് മത്സ്യ വിൽപനക്കാർ ജങ്ഷനിൽ വിൽപനക്കെത്തുന്നത്. മൽസ്യം വാങ്ങനെത്തുന്നവർ കാറും ഇരുചക്ര വാഹങ്ങളും റോഡിൽത്തന്നെ നിർത്തുന്നതിനാൽ ഗതാഗതക്കുരുക്കുണ്ടാകും. മാർക്കറ്റിനകത്ത് വിൽപനക്കാർക്കായി പണിത ഷെഡ് അസൗകര്യമാണെന്ന കാരണത്താലാണ് കച്ചവടക്കാരിൽ ഒരു ഭാഗം റോഡരികിൽ കച്ചവടത്തിനിരിക്കുന്നത്. ഇതു കാരണം വെൺകുളത്തും രാവിലെ ഗതാഗത തടസ്സമുണ്ടാകുന്നതായി പരാതിയുണ്ട്.
ഇടവയിലെ ഗതാഗത പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ ആവശ്യം. വരിയോരക്കച്ചവടക്കാരെയും ഉൾപ്പെടുത്തി ചർച്ച ചെയ്ത് പ്രശന പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.