തിരുവനന്തപുരം: വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റെയിൽ പാതയിലെ തുരങ്കനിർമാണ പ്രക്രിയയുടെ ആഘാത പഠനത്തിനായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചിനെ (സി.എസ്.ഐ.ആർ) വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) ചുമതലയേൽപ്പിച്ചു. ഈ പഠനം നടത്തണമെന്ന് പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പാരിസ്ഥിതിക, ഭൂമിശാസ്ത്ര, ഭൂകമ്പ പഠനങ്ങൾ നടത്തിയെന്നും തുരങ്കത്തിലെ വൈബ്രേഷൻ പഠനം മാത്രമാണ് നടത്തുകയെന്നും വിസിൽ അധികൃതർ വ്യക്തമാക്കുന്നു.
ആദ്യ വിശദ പദ്ധതി രൂപരേഖ പ്രകാരം 10.7 കിലോമീറ്റർ ദൂരമത്രയും ഭൂമിക്ക് മുകളിലൂടെതന്നെ ഒരുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഭൂമിയേറ്റെടുക്കലിലെ ബുദ്ധിമുട്ടുകൾ മൂലം അലൈൻമെന്റിൽ മാറ്റം വരുത്തി. പുതിയ അലൈൻമെന്റിൽ 9.02 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെയാണ് കടന്നുപോകുക.
പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അംഗീകാരം മേയിൽ ലഭിച്ചിരുന്നു. അതിനുമുമ്പ് തന്നെ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചിരുന്നു. നേരത്തേ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നെങ്കിലും അലൈൻമെന്റിൽ മാറ്റം വരുത്തിയതിനാൽ പുതിയ അനുമതി നേടണമെന്ന് പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
2022 സെപ്റ്റംബറിൽ എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി നിരവധി എതിർപ്പുകൾ ഉയർത്തി. വെള്ളപ്പൊക്ക സാധ്യത, വൈബ്രേഷൻ ആഘാതം, മഴയുടെ തീവ്രത, തീര നിയന്ത്രണ സോൺ പ്രത്യാഘാതങ്ങൾ, ഭൂഗർഭജല സാഹചര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങളാരാഞ്ഞിരുന്നു. ഭൂഗർഭ തുരങ്കം നിർമിക്കാൻ നിർദേശിച്ച പ്രദേശം ഭൂകമ്പ മേഖലയാണെന്ന ആശങ്കയും കമ്മിറ്റിയുയർത്തി. ഇതിന്റെ തുടർച്ചയായി, ജനവാസമേഖലയിലൂടെ കടന്നുപോകുന്ന മേഖലയിൽ വൈബ്രേഷൻ പഠനം നടത്തിയില്ലെന്നും സമിതി നിരീക്ഷിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.