തിരുവനന്തപുരം: ഗാർഹിക മലിനജലം ശുചീകരിച്ച് പുനരുപയോഗിക്കാനും അവശിഷ്ടങ്ങൾ ബയോഗ്യാസാക്കാനും നൂതന സംവിധാനം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള പാപ്പനംകോട് ആസ്ഥാനമായ സി.എസ്.ഐ.ആർ- എൻ.ഐ.ഐ.എസ്.ടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) ഗവേഷകരാണ് പരിസ്ഥിതിദിന സമ്മാനമായി തിങ്കളാഴ്ച മാതൃകാ മലിനജല ശുചീകരണ പ്ലാന്റ് സമർപ്പിക്കുന്നത്.
വിവിധതരം മലിനജലം ശുചീകരിക്കുന്നതിനായി എൻ.ഐ.ഐ.എസ്.ടി വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടിയ വായുരഹിത ശുചീകരണ യൂനിറ്റ് (മോഡുലാർ അനറോബിക് ട്രീറ്റ്മെന്റ് യൂനിറ്റ്) ഉപയോഗിച്ചാണ് പ്രവർത്തനം. സസ്യങ്ങളെ ഉപയോഗിച്ചുള്ള മാലിന്യസംസ്കരണ രീതിയായ ഫൈറ്റോറെമീഡിയേഷന്റെ സഹായവുമുണ്ടാകും.
മലിനജലം ഫൈറ്റോറെമീഡിയേഷൻ യൂനിറ്റുമായി സംയോജിപ്പിച്ച വായുരഹിത ശചീകരണ യൂനിറ്റുവഴി കടത്തി വിടും. വായുരഹിത ജല ശുചീകരണത്തിലൂടെ ഖരവസ്തുക്കൾ, ജൈവവസ്തുക്കൾ, പോഷകങ്ങൾ, രോഗാണുക്കൾ തുടങ്ങി വെള്ളത്തിലെ 50 ശതമാനം മാലിന്യവും നീക്കും.
തുടർന്ന്, ഫിൽട്ടർ ബെഡുമായി ബന്ധിപ്പിച്ച സൂക്ഷ്മജീവ പ്രക്രിയയിലൂടെ (മൈക്രോബയൽ പ്രോസസ്) കടത്തിവിടുമ്പോൾ അവശേഷിക്കുന്ന മാലിന്യവും നീക്കം ചെയ്യപ്പെടും. ഇതിലൂടെ ശുദ്ധീകരിച്ച വെള്ളത്തിന്റെ പുനരുപയോഗ സാധ്യത വർധിക്കും.
സാധാരണ അഞ്ചംഗ കുടുംബത്തിൽ നിന്ന് പ്രതിദിനം 500 ലിറ്ററോളം മലിനജലം പുറംതനള്ളുന്നുണ്ട്. ഇത് മലിനജലത്തിൽ നിന്ന് ഗുണനിലവാരമുള്ള ജലത്തിന്റെ പുനരുപോയത്തിനും ശുദ്ധജല ഉപയോഗം കുറക്കുകയും ജല പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യും.
നിലവിലുള്ള വികേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിന് കൂടുതൽ മാലിന്യമുള്ള ജലവും ശുചീകരിക്കാനാവുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ഫൈറ്റോറെമീഡിയേഷൻ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വായുരഹിത പ്രക്രിയ യൂണിറ്റിന് 30 മുതൽ 40 ശതമാനം വരെ സ്ഥലത്തിന്റെ ഉപയോഗം കുറക്കാം. ജൈവമാലിന്യത്താലും മറ്റും കുടുതൽ മാലിന ജലത്തിന്റെ 70ശതമാനം വരെ ബയോഗ്യാസ് ആയി വീണ്ടെടുക്കാനാവും.
സുസ്ഥിരമായ രീതിയിൽ മലിനജലം ശുദ്ധീകരിക്കുന്നതിനും മെച്ചപ്പെട്ട ശുചിത്വ സാഹചര്യം ഉറപ്പാക്കാനുമായി റെസിഡൻഷ്യൽ ഏരിയകളിലും വാണിജ്യ ഇടങ്ങളിലും ഈ സംവിധാനം സ്ഥാപിക്കാൻ എൻ.ഐ.ഐ.എസ്.ടിക്ക് പദ്ധതിയുണ്ട്.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.ഐ.ഐ.എസ്.ടി കാമ്പസിലെ മാതൃക പ്ലാന്റ് തിങ്കളാഴ്ച രാവിലെ 11ന് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ പ്രഫ. ജ്യോതിരഞ്ജൻ എസ്. റേ ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.