അമ്പലവയല്‍: വയനാട് അമ്പലവയൽ ആയിരംകൊല്ലിയിൽ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. മണ്ണില്‍തൊടിക മുഹമ്മദ് (68) എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങി. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയ പൊലിസ് മാതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വലതുകാലിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്‍റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്.
സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദ് എന്ന് സമീപവാസികള്‍ പറഞ്ഞു. പതിവുപോലെ ചൊവ്വാഴ്ചയും ഒച്ചയും ബഹളവും കേട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. കുട്ടികള്‍ പൊലീസില്‍ വിവരമറിയിച്ച ശേഷമാണ് സമീപവാസികള്‍പോലും വിവരം അറിയുന്നത്.
നിലമ്പൂരില്‍ നിന്ന് കൂലിപ്പണിയുമായി എത്തിയതാണ് മുഹമ്മദെന്ന് നാട്ടുകാര്‍ പറയുന്നു. അമ്പലവയല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. സുല്‍ത്താന്‍ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി. ബെന്നി, അമ്പലവയല്‍ എസ്.ഐ ഷോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.