കൽപറ്റ: കള്ളക്കേസുകൾ ചുമത്തി പൊലീസ് ജയിലിലടച്ച മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ഇരുപത്തിരണ്ടുകാരൻ ദീപുവിന് നീതിവേണമെന്ന് ആവശ്യപ്പെട്ട് ആദിവാസി വനിത പ്രസ്ഥാനം വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കലക്ടറേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി.
ധർണയിൽ യുവാവിെൻറ ഭാര്യ അമ്പിളിയും ബന്ധുക്കളും കോളനിവാസികളുമടക്കം അണിനിരന്നു. സൈക്കിൾപോലും ഓടിക്കാനറിയാത്ത യുവാവിനെ വാഹനമോഷണം ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ പൊലീസിനെതിരെ നടപടിയെടുക്കണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ദീപു മനോനില തകർന്നവനാണെന്നാണ് പൊലീസിെൻറ പുതിയ കണ്ടെത്തലെന്നും എങ്കിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിട്ടും നീതി ലഭിക്കാതായതോടെയാണ് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തിയത്.
ദീപുവിനെ ജയിലിൽനിന്ന് മോചിപ്പിക്കുക, ആദിവാസികളുടെമേൽ കള്ളക്കേസ് ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കർഷകസമിതി കൺവീനർ പി.ടി. ജോൺ ധർണ ഉദ്ഘാടനം ചെയ്തു. ആദിവാസി വനിത പ്രസ്ഥാനം പ്രസിഡൻറ് അമ്മിണി കെ. വയനാട് അധ്യക്ഷത വഹിച്ചു.
പോരാട്ടം കൺവീനർ ഷാേൻറാലാൽ, ദലിത് മനുഷ്യാവകാശ പ്രവർത്തകൻ മഹേഷ് ശാസ്ത്രി, ബഹുജൻ ദ്രാവിഡ പാർട്ടി നേതാവ് ഒ. അനീഷ്, ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന സെക്രട്ടറി അറുമുഖൻ ചേലേമ്പ്ര, എസ്.ഡി.പി.ഐ ജില്ല ട്രഷറർ വി.ആർ. കൃഷ്ണൻകുട്ടി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് ദിവിന ഷിബു, കെ.വി. പ്രകാശ് (സി.പി.ഐ എം.എൽ റെഡ്സ്റ്റാർ), അശ്വിൻ ഭീംനാഥ് (ബി.എസ്.പി), കെ. ബാലൻ (അഖിലേന്ത്യ പണിയ മഹാസഭ), ബാലൻ പൂതാടി (ആദിവാസി ഫെഡറേഷൻ), ഗോപകുമാർ (ബി.എസ്.പി), കുട്ടികൃഷ്ണൻ മേപ്പാടി (കേരള തച്ചനാടൻ മൂപ്പൻ സമുദായ സമിതി), വി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. കേരള ദലിത് പാന്തേഴ്സ് നേതാവ് വി.കെ. ബിനു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.