കൽപറ്റ: വനഭൂമി 1977ന് മുമ്പ് കൈവശമാക്കിയവര്‍ക്കുള്ള പട്ടയവിതരണം ത്വരിതപ്പെടുത്തുന്നതിെൻറ ഭാഗമായി ഇതിനകം സംയുക്ത സര്‍വേ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളുടെ സര്‍വേ വെരിഫിക്കേഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കും. വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലയില്‍ 1500ഓളം പേര്‍ക്ക് കൈവശഭൂമിയുടെ രേഖ ലഭിക്കാന്‍ സാഹചര്യമൊരുക്കുന്ന ഈ നടപടി ഒരുകാരണവശാലും ഇനി വൈകിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് കര്‍ശന നിര്‍ദേശം നല്കി.
ജനങ്ങളുമായി ബന്ധമില്ലാത്ത വകുപ്പായി വനംവകുപ്പിനെ മാറ്റരുതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നകാര്യത്തില്‍ മാനുഷികപക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും മന്ത്രി നിര്‍ദേശിച്ചു. വന്യമൃഗങ്ങളുടെ കടന്നാക്രമണംമൂലം ജീവനാശവും കൃഷിനാശവും സംഭവിക്കുന്നത് തടയാന്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാന്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലക്ക് പ്രത്യേകമായി പദ്ധതി തയാറാക്കാന്‍ യോഗം തീരുമാനിച്ചു. എം.എല്‍.എമാരുടെ വികസനനിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, തൊഴിലുറപ്പുപദ്ധതി തുടങ്ങിയവ ഉപയോഗപ്പെടുത്തി എങ്ങനെ ഫലപ്രദമായി ഇവ നടപ്പാക്കാനാകുമെന്ന് പരിശോധിക്കും. തൊഴിലുറപ്പുപദ്ധതി വഴി ഇവയുടെ പരിപാലനവും നിര്‍വഹിക്കാനാകും. പദ്ധതി തയാറാക്കുന്നതിനുള്ള നോഡല്‍ ഓഫിസറായി ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
സംസ്ഥാനവ്യാപകമായി വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികള്‍ തയാറാക്കാന്‍ പൊതുജനങ്ങളില്‍നിന്നുള്‍പ്പെടെ അഭിപ്രായം സ്വരൂപിച്ചതായി മന്ത്രി അറിയിച്ചു. വന്യജീവി ആക്രമണങ്ങളില്‍ ജീവന് നഷടപ്പെടുന്നവര്ക്കും കാര്‍ഷികവിളകള്‍ നഷ്ടപ്പെടുന്നവര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നകാര്യം പരിശോധിക്കും. അതേസമയം, കാര്‍ഷികവിളകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് കര്‍ഷകരെ ബോധവത്കരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
വന്യജീവികളുടെ ശല്യം തടയുന്നതിന് റബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതിെൻറ നിയമവശം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജലജീവന്‍ മിഷന്, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കുന്നതിനുള്ള വൈദ്യുതി- ഇൻറര്‍നെറ്റ് കണക്ടിവിറ്റി, തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും റോഡ് പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുന്നതില്‍ വനംവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കും. ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷവും വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും എം.എല്‍.എമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. യോഗത്തിനു മുന്നോടിയായി ജില്ലയില്‍ വിവിധ കര്‍ഷകസംഘടന പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്, ഒ.ആര്. കേളു, ടി. സിദ്ദീഖ്, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, എ.ഡി.എം എന്‍.ഐ. ഷാജു, വനം-റവന്യൂ-പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.