കൽപറ്റ: മഴക്കാല കെടുതികള്‍ നേരിടുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം നടത്തുന്നതിനും ജില്ല കലക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശം നല്കി. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം. കാലവര്‍ഷം ശക്തി പ്രാപിച്ചാലുണ്ടാവാന്‍ സാധ്യതയുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കൃഷിനാശം, ഗതാഗത തടസ്സം, മരം വീണുള്ള അപകടങ്ങള്‍ എന്നിവ തടയുന്നതിനുള്ള മുന്നൊരുക്കം നടത്തണം. വിവിധ വകുപ്പുകളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ചായിരിക്കണം പ്രവര്‍ത്തനം.റോഡിലേക്കും വീടുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുകളിലേക്ക് ചരിഞ്ഞ് നില്ക്കുന്ന അപകട ഭീഷണിയുള്ള മുഴുവന്‍ മരങ്ങളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ മുറിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തണം.
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കാലവര്‍ഷവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ദുരന്ത നിവാരണ വിഭാഗവും ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും നല്കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും വേണം. പരസ്യ ബോര്‍ഡുകള്‍ അപകട ഭീഷണിയുള്ളതാണെങ്കില്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം.
സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാലപ്പഴക്കം ചെന്നതും മതിയായ രേഖകളില്ലാത്തതും കാര്യക്ഷമതയില്ലാത്തതുമായ വാഹനങ്ങള്‍ സ്കൂള്‍ ആവശ്യത്തിന് സർവിസ് നടത്തുന്നില്ലെന്ന് സ്ഥാപന മേധാവിയും മാനേജ്മെന്റും പി.ടി.എയും ഉറപ്പാക്കണം. കുട്ടികളെ കുത്തി നിറച്ച് സ്കൂള്‍ വാഹനങ്ങള്‍ സര്‍വിസ് നടത്തരുത്. സ്കൂളുകളില്‍ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ലാബുകളില്‍ പരിശോധിച്ച് ഉപയോഗയോഗ്യമാണന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വരികയാണെങ്കില്‍ അതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തണം. ഇവിടെ ആവശ്യത്തിന് ടോയ്ലറ്റ്, വൈദ്യുതി, കുടിവെള്ളം മറ്റു അടിസഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് വരുത്തണം.
വെള്ളപ്പൊക്ക സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ആളുകളെ മാറ്റുന്നതിനും ആവശ്യമായ ബോട്ടുകള്‍ തയാറാക്കി വയ്ക്കണം. ഇതിനായി ടൂറിസം വകുപ്പ് ആവശ്യമായ സഹായങ്ങള്‍ ചെയ്യണം. ജില്ല, താലൂക്ക് തലങ്ങളില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ ഇതിന് നേതൃത്വം നല്‍കണം. ദേശീയ പാതകളിൽ അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് മാറ്റണം. കൃഷിനാശം, മറ്റ് അപകടങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ തുടര്‍നടപടി സ്വീകരിക്കുകയും തീരുമാനങ്ങളെടുക്കുകയും വേണം. തദ്ദേശ സ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും കലക്ടർ നിർദേശിച്ചു. രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്കി. ജില്ലതല ഉദ്യോഗസ്ഥര്‍ കലക്ടറുടെ അനുമതിയില്ലാതെ ജില്ല വിട്ട് പോകരുത്. അത്യാവശ്യ സാഹചര്യങ്ങളില്‍ പോകേണ്ടി വരുമ്പോള്‍ പകരം ഉദ്യോഗസ്ഥരെ നിയമിക്കണം. ഇവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഡി.ഡി.എം.എക്ക് നല്‍കണം.
ഡാമുകളുടെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ വ്യാപകമായ മുന്നറിയിപ്പ് നല്കി പകല്‍ സമയത്ത് മാത്രമേ തുറക്കാവൂ എന്നും കലക്ടര്‍ നിര്‍ദേശം നല്കി. ശക്തമായ മഴയുണ്ടാവുന്ന പക്ഷം നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കാലവര്‍ഷം ശക്തിപ്പെട്ടാല്‍ ജലാശയങ്ങളിലും നദികളിലും തോടുകളിലും കുളിക്കുന്നതും മീന്‍ പിടിക്കുന്നതും ഒഴിവാക്കണം. കുട്ടികളെ തനിച്ച് കളിക്കാനും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലേക്കും വിടരുത്. എ.ഡി.എം. എന്‍.ഐ. ഷാജു, ജില്ല പൊലീസ് മേധാവി ആര്. ആനന്ദ്, ജില്ല തല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.