ടൗൺഷിപ്പിൽ നിർമിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതുമാർക്കറ്റ്, അംഗൻവാടി, കമ്യൂണിറ്റി ഹാൾ എന്നിവയുടെ മാതൃക
കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ അതിജീവിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുക മാതൃക വീടുകൾ. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
കല്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ-ഭവന നിർമാണ മന്ത്രി കെ. രാജന് അധ്യക്ഷതവഹിക്കും. വീടുകള്‍ക്ക് പുറമെ ആരോഗ്യ കേന്ദ്രം, ആധുനിക അംഗൻവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ നിർമിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഒ.ടി, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും.
ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍ റൂം, അടുക്കള, അംഗൻവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അംഗൻവാടിയില്‍ നിര്‍മിക്കുന്നത്. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപണ്‍ എയര്‍ തിയറ്റര്‍ എന്നിവ കമ്യൂണിറ്റി സെന്ററില്‍ നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.