കൽപറ്റ: പടിഞ്ഞാറത്തറ-പെരുവണ്ണാമൂഴി-പൂഴിത്തോട് ബദൽ റോഡ് യാഥാർഥ്യമാവാത്തത് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണെന്നുള്ള പൊതുമരാമത്ത് മന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപണം.
വയനാട്ടിലേക്കുള്ള ചുരം ബദൽപാതകൾ ഉപേക്ഷിക്കാൻ കാരണം വൻതോതിൽ വനഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതിനാലാണെന്നും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനുള്ള മറുപടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാതയുടെ അലൈൻമെന്റ് കടന്നുപോവുന്ന ഭാഗങ്ങളിൽ നിക്ഷിപ്ത വനഭൂമിയില്ല എന്നാണ് ബദൽപാത കർമസമിതി പറയുന്നത്.
മുമ്പ് സ്വകാര്യ വ്യക്തികൾ കൈമാറിയ ഭൂമി കാലക്രമേണ സ്വാഭാവിക വനമായി മാറിയിട്ടുണ്ട് എന്നല്ലാതെ ഈ പ്രദേശങ്ങൾ റിസർവ് ഫോറസ്റ്റിൽ ഉൾപ്പെടുന്നതല്ല എന്നാണ് അവർ വാദിക്കുന്നത്. വാദം നിയമനടപടികളിലൂടെ സ്ഥാപിച്ചെടുക്കുകയാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാപാത കർമസമിതിയുടെ ലക്ഷ്യമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർഥ്യമാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചുകഴിഞ്ഞെന്നുമാണ് മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞത്.
നിർമാണാനുമതിക്കുള്ള അപേക്ഷ വനംവകുപ്പിന്റെ പരിഗണനയിലാണന്നും പാരിസ്ഥിതികാഘാത പഠനം പുരോഗമിക്കുകയാണെന്നും നോർവീജിയൻ സങ്കേതികവിദ്യ തുരങ്കപാത നിർമാണത്തിനായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജില്ലയിലെ പ്രതിപക്ഷ എം.എൽ.എമാരും പാർട്ടികളും ബദൽപാത ആവശ്യം ഉന്നയിച്ച് പ്രക്ഷോഭ രംഗത്തുണ്ട്.
വയനാട്ടിലെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കാൻ ചുരം ബദൽപാതകൾ ആവശ്യമാണെന്നും അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും കഴിഞ്ഞ ദിവസം എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ജില്ലയിലെ ഭൂരിഭാഗം രാഷ്ട്രീയപാർട്ടികളും ഉന്നയിക്കുന്ന ആവശ്യം സർക്കാർ നടപടിയിലൂടെ കാലതാമസമില്ലാതെ നടപ്പാക്കാമെന്നിരിക്കേ തുരങ്കപാതയുമായി മുന്നോട്ടുപോവുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ജില്ലയിൽ ചർച്ചയാവുന്നുണ്ട്.
കൽപറ്റ-പേരാമ്പ്ര എം.എൽ.എമാർ ഉൾപെടുന്ന യോഗം വിളിച്ചുചേർക്കണമെന്ന ടി. സിദ്ദീഖ് എം.എൽ.എയുടെ ആവശ്യം പരിഗണിക്കാമെന്ന മന്ത്രിയുടെ മറുപടി മാത്രമാണ് പൂഴിത്തോട് റോഡ് വിഷയത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് നിലവിൽ ഉണ്ടായിട്ടുള്ളത്.
കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് തുടങ്ങി പടിഞ്ഞാറത്തറയിൽ അവസാനിക്കുന്നതാണ് ബദൽ പാതകളിലൊന്ന്. വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരുവണ്ണാമൂഴിയേയും ബാണാസുര സാഗറിനെയും തൊട്ടുരുമ്മി 27.225 കിലോമീറ്റർ ദൂരമുളള പാത 12.940 കിലോമീറ്റർ വനത്തിലൂടെയാണ് കടന്നുപോകുന്നത്.
പന്ത്രണ്ടര കിലോമീറ്റർ വനത്തിലൂടെ റോഡ് വെട്ടുമ്പോൾ 52 ഏക്കർ വനഭൂമി നഷ്ടപ്പെടുമെന്നാണ് കണക്ക്. പകരമായി തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ 33 ഏക്കർ റവന്യൂ ഭൂമി വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പിന് കൈമാറിയിരുന്നു.
വൈത്തിരി താലൂക്കിലെ തരിയോട് വില്ലേജിൽ എം. കോയ കുട്ടിയും കെ.കെ. മമ്മു ഹാജിയും 10 ഏക്കർ വീതം ഭൂമി സൗജന്യമായി നൽകിയിട്ട് വർഷങ്ങളായി. എന്നിട്ടും പദ്ധതി നീളുകയാണ്. റോഡിന്റെ പണി പൂർത്തിയായിട്ട് 18 വർഷം കഴിഞ്ഞു. അവശേഷിക്കുന്ന എട്ടു കിലോമീറ്റർ ദൂരം റോഡ് എന്ന് കൂട്ടിമുട്ടും എന്ന ചോദ്യമാണ് ഉയരുന്നത്.
കല്പറ്റ: ചുരം കയറി മാത്രം എത്തിപ്പെടാവുന്ന ജില്ലയായ വയനാടിന്റെ യാത്ര പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാൻ നാലു കാര്യങ്ങള്‍ നടപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് നിയമസഭയിൽ ടി. സിദ്ദീഖ് എം.എൽ.എ ആവശ്യപ്പെട്ടു.
96 ഹെക്ടര്‍ വനം ഭൂമി വിട്ടു കിട്ടിയ സാഹചര്യത്തില്‍ കൊടും വളവുകള്‍ മുഴുവന്‍ സമ്പൂര്‍ണ ഗതാഗതയോഗ്യമാക്കികൊണ്ട് ഗതാഗതക്കുരുക്ക് അഴിക്കാനുള്ള നടപടികൾ സ്വീകരിക്കണം, അടിയന്തരമായി ചുരം ബൈപാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ) യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് ആവശ്യമുള്ള വനഭൂമി വിട്ടു കിട്ടാനും യാഥാർഥ്യമാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം കൊടുക്കണം, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ആരംഭിക്കാന്‍ നടപടികള്‍ ആരംഭിക്കണം.
കര്‍ണാടകത്തില്‍നിന്നും മലബാറിലേക്കുള്ള ചരക്ക് നീക്കം സുഖമമാക്കുന്നതിനും വ്യോമ-റെയില്‍-ജല ഗതാഗത സാധ്യതകളില്ലാത്ത വയനാടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിനും ബദല്‍ റോഡുകള്‍ അനിവാര്യമാണ്.
ശ്രദ്ധക്ഷണിക്കലിന്റെ ഉപചോദ്യത്തില്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനു വേണ്ടി പ്രത്യേക യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി. ഈ പദ്ധതി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയാണെന്നും അത് യാഥാർഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.