കൽപറ്റ: കോവിഡ് രണ്ടാം തരംഗത്തിെൻറ ഭാഗമായി രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലും അതീജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. വരുന്ന രണ്ടാഴ്ച ഏറെ നിര്‍ണായകമാണ്. ഈ ദിവസങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.
രണ്ടാം തരംഗത്തില്‍ കോവിഡിെൻറ ആദ്യകാലങ്ങളില്‍നിന്നു വ്യത്യസ്തമായി ലക്ഷണങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ ലക്ഷണങ്ങളായിരുന്ന പനി, ശരീരവേദന, വയറിളക്കം, ജലദോഷം, മണമില്ലായ്മ എന്നിവക്കുപുറമെ ശരീരവേദന, സന്ധിവേദന, തളര്‍ച്ച എന്നീ ലക്ഷണങ്ങളും കൂടി രണ്ടാംഘട്ടത്തില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ചെറുപ്രായക്കാരിലാണ് ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ചെറിയ രോഗ ലക്ഷണങ്ങളെ പോലും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടുകയും ആവശ്യമെങ്കില്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ മൂന്നു ശതമാനമായിരുന്നത് 5.6 ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ കാണുന്നത് സുല്‍ത്താന്‍ ബത്തേരി, കല്പറ്റ മുനിസിപ്പാലിറ്റികളിലും പനമരം ഗ്രാമപഞ്ചായത്തിലുമാണ്. 50 മുതല്‍ 72 വരെ കേസുകളാണ് ഇവിടങ്ങളില്‍ സ്ഥിരീകരിക്കുന്നത്.
മാനന്തവാടി നഗരസഭ, കണിയാമ്പറ്റ, വൈത്തിരി, മേപ്പാടി, നെന്മേനി പഞ്ചായത്തുകളില്‍ 38 മുതല്‍ 50 വരെ കേസുകളാണുള്ളത്. തവിഞ്ഞാല്‍, വെള്ളമുണ്ട, പടിഞ്ഞാറത്തറ അമ്പലവയല്‍ എന്നിവിടങ്ങളില്‍ 23 മുതല്‍ 38 വരെയും കോട്ടത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, മുട്ടില്‍, മീനങ്ങാടി, പൂതാടി, മുള്ളന്‍കൊല്ലി, പുല്പള്ളി എന്നിവിടങ്ങളില്‍ 13 മുതല്‍ 23 വരെയുമാണ് കേസുകള്‍. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തൊണ്ടര്‍നാട്, തിരുനെല്ലി, മൂപ്പൈനാട്, നൂല്‍പ്പുഴ എന്നിവിടങ്ങളിലാണ്. ഇവിടെ ഏഴുമുതല്‍ 13 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ജില്ലയില്‍ നടത്തിയ സീറോ സര്‍വയ്ലന്‍സ് പഠനത്തില്‍ ജനസംഖ്യയുടെ പത്തു ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദിവാസി മേഖലയില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം വരാന്‍ സാധ്യതയുണ്ട്.
വരും ദിവസങ്ങളില്‍ പരിശോധനയും സാമ്പിള്‍ ശേഖരണവും ഊര്‍ജിതപ്പെടുത്തും. ഇതിനായി ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് പ്രാദേശികതലങ്ങളില്‍ എത്തി പരിശോധന നടത്തും. കൂടുതല്‍ സര്‍വയ്ലന്‍സ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഓരോ ദിവസവും വ്യാപാരി വ്യവസായികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊലീസ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ സ്വമേധയാ മുന്നോട്ടുവന്ന് പരിശോധന നടത്താന്‍ തയാറാവണം. 45 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനായി 117 ക്യാമ്പുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനേഷനിലൂടെ 70 മുതല്‍ 80 ശതമാനം വരെ രോഗപ്രതിരോധത്തിന് സാധിക്കും. അതിനാല്‍ വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും കലക്ടര്‍ പറഞ്ഞു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നടപടികള്‍ പുനരാരംഭിക്കും. തദ്ദേശ സ്ഥാപനതലങ്ങളില്‍ രോഗ പ്രതിരോധത്തിനായി പ്രത്യേക പദ്ധതി തയാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നവരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളു. വിവാഹം, വിവിധ യോഗങ്ങള്‍ എന്നിവയിലും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കും.
എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ല കലക്ടര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.