പൊഴുതന: വാസയോഗ്യമായ വീടുകളില്ലാതെ അധികൃതരുടെ അവഗണനയിലാണ് മുത്തരിക്കുന്ന് കോളനിയിൽ താമസിക്കുന്നവർ. പൊഴുതന പഞ്ചായത്തിലെ ആറാം വാർഡിലുള്ള മുത്താരിക്കുന്ന് കോളനിയിൽ പതിറ്റാണ്ടുകാലമായി വികസനം ഒച്ചിഴയുന്ന വേഗത്തിലാണ്. ആനോത്ത് പുഴക്ക് സമീപത്തും കുന്നിൻ ചെരുവിലുമായി പത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. താമസിച്ചുവരുന്ന സ്ഥലത്തിന്റെ അവകാശികളെന്ന് തെളിയിക്കാനാകാതെ പതിറ്റാണ്ടുകളായി ദുരിതത്തിലാണിവർ. ലൈഫ് ഭവന പദ്ധതി അടക്കമുള്ളവയിൽ അപേക്ഷ നൽകിയിട്ടും പുതിയ വീടുകൾ ആർക്കും ലഭിച്ചിട്ടില്ല. കാലഹരണപ്പെട്ട വീടുകളിൽ ചോർച്ചയും അടിസ്ഥാന സൗകര്യവുമില്ലാതെ ദുരിതത്തിലാണ് ഇവിടെയുള്ള പണിയ വിഭാഗത്തിലുള്ള കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ചുരുക്കം ചില കുടുംബങ്ങൾക്ക് മാത്രമാണ് വീടു ലഭിച്ചിട്ടുള്ളത്.
പലർക്കും മൂന്നു സെന്റിൽ താഴെയാണ് ഭൂമിയുള്ളത്. കുടിവെള്ളം, ശൗചാലയം എന്നിവയുടെ അപര്യാപ്തതയും ഇവിടെയുണ്ട്. അതിനാൽ തന്നെ ഇവിടെയുള്ള പലരും ബന്ധുവീടുകളിലാണ് മിക്ക ദിവസങ്ങളിലും കഴിയുന്നത്. മഴക്കാലത്തും വേനലിലും ഒരു പോലെ ദുരിതത്തിൽ കഴിയുന്ന മുത്താരികുന്നിൽ വികസനം ആവശ്യമാണ്.
2017 വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച കുടിവെള്ള ടാങ്കുകളും നോക്കുകുത്തിയാണ്. പൊഴുതന പഞ്ചായത്തിലുള്ള മറ്റു കോളനികളുടെയും അവസ്ഥ ഇതുതന്നെ. വീട്, കുടിവെള്ളം എന്നിവയാണ് മുഖ്യ പ്രശ്നം. പട്ടയമോ മറ്റു രേഖകളോ ഇല്ലാതെ കഴിയുന്ന സാഹചര്യം പലർക്കുമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് അധികൃതർക്ക് മുമ്പാകെ അറിയിച്ചിട്ടും നടപടിയുണ്ടാകാതെ കോളനി നിവാസികളെ അവഗണിക്കുകയാണെന്ന ആക്ഷേപമുയർന്നിട്ട് ഏറെ നാളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.