വൈത്തിരി: ജില്ലയിൽ ലഹരി മരുന്നുമായി ബന്ധപ്പെട്ട് പൊലീസ് ചാർജ് ചെയ്ത കേസുകളിൽ ക്രമാതീതമായ വർധന. 2022 തുടക്കം മുതൽ കഴിഞ്ഞ ദിവസംവരെ മുന്നൂറിലധികം കേസുകളാണ് പൊലീസ് മാത്രം ചാർജ് ചെയ്തിട്ടുള്ളത്. എക്സൈസും മറ്റു വിഭാഗങ്ങളും പിടികൂടിയത് വേറെയും. കോവിഡാനന്തരം വിനോദസഞ്ചാര മേഖലകൾ ഉണർന്നതോടെ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചു.
ഇതര ജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികളിൽ നല്ലൊരു പങ്കും യുവാക്കളാണ്. പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളിൽ ഭൂരിഭാഗവും റിസോർട്ട്, ഹോം സ്റ്റേകളിൽനിന്നാണ്. കാട്ടിനുള്ളിലുള്ള ഹോം സ്റ്റേകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്നാണ് ആക്ഷേപം. വാഹന പരിശോധനക്കിടെ സംശയം തോന്നി പൊലീസ് മാറ്റിനിർത്തുന്ന യുവാക്കളിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് പതിവാകുകയാണ്. ഒരാഴ്ച മുമ്പാണ് ഒന്നിച്ചെത്തിയ നാലു കമിതാക്കളിൽ രണ്ടു പെൺകുട്ടികളിൽനിന്നും വൈത്തിരി പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തത് വൈത്തിരി പൊലീസ് സ്റ്റേഷനിലാണ്. പുതുവർഷം പിറന്നു രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ഇവിടെ 50 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ കൂടുതലും കഞ്ചാവ് കേസുകളാണ്.
മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവർക്ക് പലപ്പോഴും നേരിയ ശിക്ഷകളാണ് ലഭിക്കുന്നത്. ചെറിയ സംഖ്യ പിഴയടച്ച് പുറത്തുവരുന്നവരാണ് അധികവും. രണ്ടു സംസ്ഥാനങ്ങളോട് ചേർന്നുകിടക്കുന്ന ജില്ലയുടെ അതിരുകളിൽ പൊലീസിന് സ്ഥിരം ചെക്ക്പോസ്റ്റില്ല. ജില്ല അതിർത്തികളിലും ഇതുതന്നെയാണ് അവസ്ഥ. ആവശ്യമായ സ്റ്റാഫില്ലാത്തതാണ് ലഹരിക്കെതിരെ പൊരുതുന്നതിൽ പൊലീസ് നേരിടുന്ന പ്രശ്നം. ഉള്ളവർക്ക് തന്നെ ആവശ്യമായ സജ്ജീകരണങ്ങളോ വാഹനങ്ങളോ ഇല്ല. മയക്കുമരുന്ന് കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങളും പൊലീസിനില്ല.
മേപ്പാടി: എം.ഡി.എം.എ, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെയും മയക്കുമരുന്നുകളുടെയും വൻ വിപണിയായി മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ തോട്ടം മേഖല. ലഹരിവസ്തുക്കൾ സുലഭമായതോടെ യുവാക്കൾക്കിടയിൽ അതിന്റെ ഉപഭോഗവും വർധിച്ചു. ജില്ലക്ക് പുറത്തുനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന മാഫിയതന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും അനിയന്ത്രിതമായ ഉപയോഗം പല കുടുംബങ്ങളുടെയും സ്വസ്ഥത നശിപ്പിക്കുന്നു. അപകടങ്ങളിലടക്കം പ്രദേശത്ത് നടന്ന പല യുവാക്കളുടെ മരണങ്ങൾക്കു പിന്നിലും ലഹരിയുടെ സ്വാധീനമുണ്ട്. വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ അധികൃതർ പിടികൂടിയ നിരവധി സംഭവങ്ങളുമുണ്ടായി അടുത്ത കാലത്ത്. യുവാക്കളെയും കൗമാരക്കാരെയും ലഹരിക്കടിമകളാക്കി പിന്നീട് ഇവരെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്തും വിൽപനയും നടത്തുന്ന മാഫിയകളുടെ സാന്നിധ്യവും പ്രദേശത്ത് വർധിച്ചുവരുന്നതായി പരാതിയുയരുന്നുണ്ട്.
പൊലീസ്, എക്സൈസ് നടപടികളൊന്നും എവിടെയും എത്തുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എളുപ്പം പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയായി ലഹരി കടത്ത്, വിൽപന എന്നിവ തിരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ലഹരിമരുന്നുകളും കഞ്ചാവുമൊക്കെ വരുന്ന വഴി കണ്ടുപിടിച്ച് പ്രതിരോധം തീർക്കാൻ ജനകീയ ഇടപെടലുണ്ടാവണമെന്നാണ് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. എക്സൈസ്, പൊലീസ് പരിശോധനയും ബോധവത്കരണവും കൂടുതൽ കർശനമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ലഹരിക്കെതിരെ സർവകക്ഷി കൺവെൻഷൻ
മേപ്പാടി: എം.ഡി.എം.എ, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിനെക്കുറിച്ചാലോചിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് സർവകക്ഷി ജനകീയ കൺവെൻഷൻ വിളിച്ചു.
പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ജനകീയ ആക്ഷൻ കമ്മിറ്റികൾ രൂപവത്കരിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, വ്യാപാരികൾ, സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. കൽപറ്റ എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
സിവിൽ എക്സൈസ് ഓഫിസർ പി.എസ്. സുഷാന്ത്, കെ.കെ. സഹദ്, കെ. വിനോദ്, ബി. സുരേഷ് ബാബു, ടി. ഹംസ, സഹദേവൻ, ബിന്ദു ജയൻ, പി.കെ. മുരളി, എൻ.പി. ചന്ദ്രൻ, രാജു ഹെജമാടി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. റംല ഹംസ സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.