കൽപറ്റ: വയനാട് ഡി.എം വിംസ് മെഡിക്കൽ കോളജിൽ ബി. ഫാമിന് പഠിക്കുന്ന വിദ്യാർഥിനിക്ക് നിഷേധിച്ച വിദ്യാഭ്യാസ വായ്പ അനുവദിച്ചതായി കേരള ഗ്രാമീൺ ബാങ്ക് സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
തെൻറ പിതാവിന് വായ്പയെടുക്കാൻ യോഗ്യത നിശ്ചയിക്കുന്ന സിബിൽ സ്കോർ കുറഞ്ഞതുകാരണം വിദ്യാഭ്യാസ വായ്പ നിഷേധിച്ചെന്ന സുൽത്താൻ ബത്തേരി സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് ബാങ്കിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. വിദ്യാർഥിനിയുടെ പിതാവിന് മറ്റ് ബാങ്കുകളിൽ വായ്പ കുടിശ്ശിക ഉണ്ടായിരുന്നതായി കേരള ഗ്രാമീൺ ബാങ്ക് അമ്പലവയൽ ശാഖ മാനേജർ കമീഷനെ അറിയിച്ചു.
തുടർന്ന് പരാതിക്കാർ എസ്.ബി.ഐയിലുണ്ടായിരുന്ന വായ്പ തീർത്ത് രേഖകൾ സമർപ്പിച്ചു. ഇതിനിടയിൽ തനിക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാത്തതിനെതിരെ വിദ്യാർഥിനി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
വിദ്യാർഥിനിക്ക് മൂന്ന് ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായി ബാങ്ക് അറിയിച്ചു. ഇതിന്റെ ഒന്നാം ഗഡു വിദ്യാർഥിനി കൈപ്പറ്റി. കൽപറ്റയിൽ നടന്ന സിറ്റിങ്ങിൽ ഹാജരായ വിദ്യാർഥിനി തനിക്ക് വായ്പ അനുവദിച്ചതായി കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.