കൽപറ്റ: പൊതുവിദ്യാഭ്യാസ മികവുകള്‍ കണ്ടെത്തുന്നതിനുള്ള സംസ്ഥാന തലത്തിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ ഒന്നാം സ്ഥാനം നേടിയ ഓടപ്പള്ളം ഗവ. ഹൈസ്കൂളിന്റെ നേട്ടത്തിന് തിളക്കമേറെ. പരിമിതികൾക്കിടയിൽനിന്നുള്ള സ്കൂളിന്റെ പാഠ്യപാഠ്യേതര രംഗങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യം, സാമൂഹിക പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡുകാല പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് മത്സരത്തിന്റെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. പ്രാഥമിക റൗണ്ടിലെത്തിയ 110 സ്കൂളുകളിൽനിന്നാണ് ഓടപ്പള്ളം ഒന്നാമതെത്തിയത്.
കോവിഡ് കാലത്ത് ഗോത്രമേഖലകള്‍ കേന്ദ്രീകരിച്ച് സ്കൂൾ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഷോയില്‍ പ്രത്യേകം പ്രശംസ നേടി. 14 പഠനകേന്ദ്രങ്ങള്‍ വഴി സാമൂഹിക പങ്കാളിത്തത്തോടെ കുട്ടികള്‍ക്ക് നല്കിയ പിന്തുണയും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി.
സ്കൂളിലെ ഇംഗ്ലീഷ് ലാബില്‍ ഇ-ക്യൂബ് ഇംഗ്ലീഷ് പരിശീലനവും പഠനം രസകരമാക്കാൻ ഗെയിമിഫിക്കേഷന്‍ സാധ്യതകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
നെതർലാന്റ്, ജർമനി, റഷ്യ, യു.എസ്.എ, സ്പെയിൻ തുടങ്ങിയ 22 രാജ്യങ്ങളിലെ കുട്ടികളും അധ്യാപകരുമായി ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷിൽ സംവദിച്ചാണ് ഇവിടുത്തെ വിദ്യാർഥികൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത്. സന്നദ്ധസംഘടനയുടെ സഹായത്തോടെ പ്രദേശത്തെ ഗോത്രമേഖലയില്‍ പുതിയ ലൈബ്രറിയും തുടങ്ങി.
നാട്ടുവാർത്തകൾക്കായുള്ള സ്കൂൾ സ്റ്റുഡിയോ, സ്കൂളില്‍ കുട്ടികള്‍ തയാറാക്കുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി സ്കൂള്‍ മാര്‍ക്കറ്റ്, സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സഹായത്തോടെയുള്ള യു.പി വിഭാഗത്തിലെ സബ്ജക്ട് ക്ലാസ് മുറികള്‍, എൽ.പി വിഭാഗത്തിലെ ശലഭ വിദ്യാലയം ക്ലാസ് മുറി, മ്യൂസിയം, റീഡിങ് ഹട്ട് എന്നിവയും സ്കൂളിന്റെ സവിശേഷതകളാണ്.
വിദ്യാലയത്തെ പ്രതിനിധീകരിച്ച് സ്കൂളില്‍ നിന്നും പ്രധാനാധ്യാപിക കെ. കമലം, പി.ടി.എ പ്രസിഡന്റ് റെബി പോള്‍ എന്നിവരും രണ്ട് അധ്യാപകരും എട്ട് വിദ്യാർഥികളുമാണ് ഷോയില്‍ പങ്കെടുത്തത്. ഓടപ്പള്ളം ജി.എച്ച്.എസ്.എസിന് പുറമെ എസ്.എ.എൽ.പി.എസ് തരിയോട്, ഡബ്ല്യു.ഒ.യു.പി.എസ് മുട്ടിൽ, ജി.എച്ച്.എസ്.എസ് മീനങ്ങാടി എന്നീ സ്കൂളുകളും റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വയനാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.