കല്പറ്റ: കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനുമുമ്പ് ഭൂമി കേരള ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 81/1 പ്രകാരം ഇളവ് ലഭിച്ചതില്പെട്ടതാണോ എന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ആവശ്യപ്പെടേണ്ടതില്ലെന്ന ഉത്തരവ് ജില്ല കലക്ടര്‍ പിന്‍വലിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍, പി.ജി. മോഹന്‍ദാസ്, എ. കൃഷ്ണന്‍കുട്ടി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കലക്ടറുടെ ഉത്തരവ് ഭൂമിയുടെ വലിയതോതിലുള്ള ദുര്‍വിനിയോഗത്തിനു കാരണമാകും. വയനാട്ടില്‍ മാത്രമുള്ള കെ.എൽ.ആര് സര്‍ട്ടിഫിക്കറ്റ് രീതി കേരള ഭൂപരിഷ്കരണ നിയമത്തിനു വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും 1/1465/2-ാം നമ്പര്‍ സര്‍ക്കുലറിലൂടെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ സര്‍ക്കുലറിനു പിന്നില്‍ ഗൂഢതാൽപര്യങ്ങളുണ്ട്. ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 81/1 പ്രകാരം ഇളവ് ലഭിച്ച ഭൂമിയുടെ ദുര്‍വിനിയോഗം തടയുന്നതിനാണ് ജില്ലയില്‍ മുന്‍ കലക്ടര്‍ കെട്ടിട നിര്‍മാണ അനുമതിക്ക് കെ.എൽ.ആര് സര്‍ട്ടിഫിക്കറ്റ് ബാധകമാക്കിയത്.
ഏതാനും വ്യക്തികളുടെ നിവേദനം അടിസ്ഥാനമാക്കിയാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്നതിനു സര്‍ക്കുലര്‍ ഇറക്കിയത്. കലക്ടറുടെ ഉത്തരവ് ഭൂ, ക്വാറി, നിര്‍മാണ ലോബികള്‍ക്കു മുന്നില്‍ വയനാടിന്റെ വാതില്‍ തുറന്നിടുന്നതാണ്. ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ലഭിക്കേണ്ട ഭൂമി വന്‍കിട തോട്ടം ഉടമകളില്‍ നിലനിര്‍ത്തുകയെന്ന ഗൂഢലക്ഷ്യവും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ സര്‍ക്കുലറിനും ജില്ല കലക്ടറുടെ ഉത്തരവിനും പിന്നിലുണ്ടെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.