കൽപറ്റ: മുട്ടിൽ മരംമുറിയിൽ താഴേക്കിടയിലുള്ള ജീവനക്കാരെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപം. ലക്കിടി ചെക്പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസറെയും ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും സസ്പെൻഡ് ചെയ്തതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. താഴേക്കിടയിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ഉത്തരമേഖല കൺസർവേറ്റർ ശ്രമിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു.
വിചിത്രനിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്. റവന്യൂഭൂമിയിൽനിന്ന് കണക്കില്ലാതെ ഈട്ടിമരങ്ങൾ മുറിച്ചുകടത്താൻ കൂട്ടുനിന്ന വനം ഉദ്യോഗസ്ഥർക്ക് എതിരെ ചെറുവിരൽപോലും അനക്കാതെ അന്നേ ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ പോയ ചെക്പോസ്റ്റ് ഉദ്യോഗസ്ഥനെ വരെ കൺസർവേറ്റർ സസ്പെൻഡ് ചെയ്തു. ആരോപണവിധേയനായ സൗത്ത് ഡി.എഫ്.ഒയുടെ റിപ്പോർട്ടിന്മേലാണ് നടപടി എടുത്തതെന്നാണ് സി.സി.എഫിെൻറ വിശദീകരണം. ഈ കേസുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒയുടെ പ്രതികളുമായുള്ള ബന്ധം തെളിയിക്കുന്ന ഫോൺ കാളുകളും സ്റ്റോക് ഇല്ലാതെ ഡിപ്പോ പാസ് അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിജിലൻസ് ഉൾപ്പെടെയുള്ളവരുടെ അന്വേഷണവും നിലനിൽക്കുമ്പോഴാണ് എല്ലാം ചെക്പോസ്റ്റ് ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കം നടക്കുന്നത്. ഉന്നത രാഷ്ട്രീയബന്ധമുള്ള വനംവകുപ്പ് ജീവനക്കാർക്കെതിരെ ചെറുവിരൽ അനക്കാൻ ധൈര്യമില്ലാത്ത ഇക്കൂട്ടർ മുഖം രക്ഷിക്കാൻ പാവപ്പെട്ട ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ്.
രണ്ടുപേർ മാത്രമാണ് ലക്കിടി ഫോറസ്റ്റ് ചെക്പോസ്റ്റിലുള്ളത്. പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടെന്ന് തെളിഞ്ഞ മുട്ടിൽ െസക്ഷൻ ഫോറസ്റ്റ് ഓഫിസറെയും വനം വിജിലൻസ് റേഞ്ചിലെ റേഞ്ച് ഓഫിസറെയും ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസറെയും ഫോം ഫോർ പാസ് നൽകിയ ഡി.എഫ്.ഒക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണ റിപ്പോർട്ടിന് കാത്തുനിൽക്കാതെ തിടുക്കം കൂട്ടിയുള്ള ഈ സസ്പെൻഷൻ നടപടി ചിലരെ രക്ഷപ്പെടുത്താനാണെന്നും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിച്ച് കൈകഴുകാനാണെന്നും കെ.എസ്.എഫ്.പി.എസ്.ഒ ഭാരവാഹികൾ വ്യക്തമാക്കി.
കൽപറ്റ: ഗുരുതര കൃത്യവിലോപം നടത്തിയവരെ സംരക്ഷിച്ച് നിസ്സാര പ്രശ്നങ്ങൾ പെരുപ്പിച്ചുകാട്ടി താഴേത്തട്ടിലുള്ള ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ കേരള ഫോറസറ്റ് െപ്രാട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. റവന്യൂഭൂമിയിലെ മരംമുറിയിൽ ലക്കിടി ചെക്പോസറ്റ് ജീവനക്കാരെ അന്യായമായാണ് സസ്പെൻഡ് ചെയ്തത്.
മുൻനിര ജീവനക്കാരെ മാത്രം ബലിയാടാക്കി വകുപ്പിെൻറ മുഖം രക്ഷിക്കുന്ന നിലപാടിനെതിരെ യോഗം ശക്തമായി അപലപിച്ചു. േക്രാസ് ബാറോ ആവശ്യമായ സംവിധാനങ്ങളോ ഇല്ലാത്ത ദേശീയപാതയിലെ ചെക്പോസ്റ്റിലൂടെ രാത്രിയുടെ മറവിൽ തടികടത്തിയത് തടഞ്ഞില്ലെന്നതാണ് കാരണം. വളരെ കുറഞ്ഞ ജീവനക്കാരും സൗകര്യങ്ങളും മാത്രമുള്ള വനംവകുപ്പ് ചെക്പോസ്റ്റുകളിൽ സ്വാഭാവികമായുണ്ടാവുന്ന ചെറിയ കൈപ്പിഴകൾ ഊതിപ്പെരുപ്പിച്ച് നടപടികൾ എടുക്കുന്നവർ, യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം നടപടികളിൽനിന്ന് മേലധികാരികൾ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.കെ. സുന്ദരൻ, ജില്ല സെക്രട്ടറി കെ. ബീരാൻകുട്ടി, ജില്ല ട്രഷറർ പി.കെ. ഷിബു, സംസ്ഥാന ഓഡിറ്റർ പി.കെ. ജീവരാജ്, മേഖലാ ഭാരവാഹികളായ സി.സി. ഉഷാദ്, ബി. സംഗീത്, ജെ. ഹരികൃഷ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.