കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയ ബെയ്ലി പാലം നിർമിച്ച ഇന്ത്യൻ കരസേനക്ക് ‘എന്റെ കേരളം’ പവിലിയനിൽ ആദരം. പാലത്തിന്റെ ഇൻസ്റ്റലേഷൻ നിർമിച്ച് ‘ബ്രിഡ്ജ് ഓഫ് ഹോപ്പ്’ എന്ന പേരിൽ സെൽഫി പോയിന്റ് ആയി സജ്ജീകരിച്ചിരിക്കുന്നത് ജില്ല ഭരണകൂടമാണ്. ജില്ല കലക്ടറുടെ നിർദേശപ്രകാരം സോഷ്യൽ മീഡിയ സെല്ലിന്റെയും ജീവനക്കാരുടെയും വെള്ളരിമല വില്ലേജ് ഓഫിസർ എം. അജീഷിന്റെയും ആർടിസ്റ്റ് അയ്യപ്പന്റെയും നേതൃത്വത്തിൽ അഞ്ചു ദിവസം കൊണ്ടാണ് ‘ബ്രിഡ്ജ് ഓഫ് ഹോപ്’ നിർമിച്ചത്.
ഇതിനാവശ്യമായ ഉരുളൻ കല്ലുകൾ ദുരന്തം താണ്ഡവമാടിയ ചൂരൽമലയിൽ നിന്ന് തന്നെ എത്തിച്ചു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ പ്രവേശന കവാടത്തിനടുത്താണ് ബ്രിഡ്ജ് ഓഫ് ഹോപ് സ്ഥാപിച്ചിട്ടുള്ളത്. മേളക്ക് ശേഷം സിവിൽ സ്റ്റേഷനിലെ കൽപാർക്കിന്റെ ഭാഗമായി ഇൻസ്റ്റലേഷൻ മാറ്റി സ്ഥാപിക്കും. ദുരന്തം അതിജീവിച്ചവർക്കായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബെയ്ലി എന്ന സ്റ്റാർട്ട് അപ് മിഷൻ തുടങ്ങുകയും ബാഗ്, കുട തുടങ്ങിയ ഉൽപന്നങ്ങൾ നിർമിച്ച് സ്വയംതൊഴിൽ പരിശീലനവും നടത്തി വരുന്നുണ്ട്.
അതിനായി 17ൽപരം തയ്യൽ മെഷീനുകൾ അതിജീവിതർക്കായി ഒരുക്കിയിട്ടുണ്ട്. ബെയലി കഫെ, മുള ഉൽപന്നങ്ങൾ, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്ലിക്ക് കീഴിൽ നിർമിക്കുന്നു. റിപ്പണിൽ ഇതിനകം തന്നെ ബെയ്ലി ഉൽപന്നങ്ങളുടെ യൂനിറ്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബെയ്ലി ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി ഉരുൾ ദുരന്തബാധിതരെയാണ് ജില്ല ഭരണകൂടം തിരഞ്ഞെടുത്തിരിക്കുന്നത്. കരസേനയിലെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ് (എം.ഇ.ജി) ആണ് 190 അടി നീളമുള്ള ബെയ്ലി പാലം ദുരന്തസ്ഥലത്ത് നിർമിച്ചത്.
സർക്കാറിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ വനം വകുപ്പിന്റെ സ്റ്റാൾ. നിർമിതി ബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ എ.ഐ ഫെൻസിങ് സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആനക്കൂട്ടത്തെ തുരത്തുന്ന എ.ഐ സ്മാർട്ട് ഫെൻസിങ്ങാണിത്. വയനാട് ഇരുളത്ത് സ്ഥാപിച്ച ഇത്തരത്തിലുള്ള ആദ്യ വേലി സംബന്ധിച്ച വിവരങ്ങൾ സ്റ്റാളിൽ നിന്നറിയാം.
വന്യമൃഗങ്ങൾ കാടിറങ്ങുന്നതും മനുഷ്യ-വന്യമൃഗ സംഘർഷങ്ങളുടെ കാരണങ്ങളും സ്റ്റാളിൽ നിന്നറിയാം. വനം വകുപ്പിന്റെ 10 മിഷനുകൾ, ബോധവത്കരണ വീഡിയോകൾ എന്നിവയുടെ എൽ.ഇ.ഡി പ്രദർശനവുമുണ്ട്. കുങ്കിയാനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്.
വനത്തിനുള്ളിൽ തയാറാക്കിയിട്ടുള്ള സോളാർ ഫെൻസിങ്, ഹാങ്ങിങ് ഫെൻസിങ്, പവർ ഫെൻസിങ്, ട്രിപ്പ് അലാറം, പിഡ്സ് (പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം) ഏർലി വാർണിങ്, കാമറ ട്രാപ്പ് എന്നിവയും ഫോറസ്റ്റ് മിനിയേച്ചറിലൂടെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ ആർആർടി സംഘം ധരിക്കുന്ന സേഫ്റ്റി ജാക്കറ്റിന്റെ പൂർണരൂപവും കാണികളെ ആകർഷിക്കുന്നു. സ്റ്റാളിന് പുറത്ത് വനം വകുപ്പ് വിഭാഗം ഉപയോഗിക്കുന്ന വല, തോക്കുകൾ, ഫയർ ബീറ്റർ, ബസൂക്ക, ബ്ലോവർ, മയക്കുവെടി വെക്കുന്നതിനുള്ള ഇൻജെക്ടർ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ വനശ്രീയുടെ പ്രത്യേക സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കി ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് കെ-സ്മാർട്ട് പോലുള്ള ഭരണപരിഷ്കാരങ്ങളെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി. ‘എന്റെ കേരളം’ മേളയുടെ നാലാം ദിവസം ‘കെ-സ്മാർട്ട്: സ്മാർട്ടാകുന്ന കേരളം’ എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ ഇന്ത്യക്ക് വഴികാട്ടിയായ് കേരളം മുന്നേറുകയാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷകനായ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സി.കെ. അജീഷ് അഭിപ്രായപ്പെട്ടു. ‘തദ്ദേശ സ്ഥാപനങ്ങളും ഇ-ഗവേണൻസും’ എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സജി തോമസും ‘കെ-സ്മാർട്ടും സേവനങ്ങളും’ എന്ന വിഷയത്തിൽ വകുപ്പ് സീനിയർ സൂപ്രണ്ട് കെ. ശ്രീജിത്തും വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് കെ-സ്മാർട്ട്. കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് നടപ്പാക്കിയിരുന്നത്. ഈ മാസം ഒന്ന് മുതൽ കെ-സ്മാർട്ട് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടപ്പാക്കിവരികയാണ്.
കെ-സ്മാർട്ട് ലോഗിൻ ചെയ്യുന്ന പൊതുജനങ്ങൾക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ജില്ല ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു, എൽ.എസ്ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ടൗൺ പ്ലാനർ എൽ.ജെ റെനി, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ് എന്നിവർ സംസാരിച്ചു.
ഡ്രോൺ സംവിധാനത്തിൽ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോൺ പ്രവർത്തനം അടുത്തറിയുന്നതിനും സൗകര്യമൊരുക്കി കൃഷി വകുപ്പിന്റെ സ്റ്റാൾ. കൃഷി വകുപ്പിന്റെ തീം സ്റ്റാളിൽ കേരള ഗ്രോ ഉൽപന്നങ്ങളുടെയും മില്ലറ്റ് ഉൽപന്നങ്ങളുടെയും പ്രദർശനമുണ്ട്. രോഗകീടങ്ങളെ കുറിച്ചുള്ള പ്രദർശനവും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും വയനാടിന്റെ തനതായ കൃഷി രീതി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയും വയനാട്ടിലെ കർഷകരുടെ വിജയഗാഥകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഇൻഫർമേഷൻ കിയോസ്കും ഒരുക്കിയിട്ടുണ്ട്.
കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവന്ന കതിർ ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ് ഡസ്കുകൾ, വിളകളിലെ രോഗകീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിലുണ്ട്കൃഷിവകുപ്പ്- ആത്മയുടെ നേതൃത്വത്തിൽ വിവിധ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും ഒരുക്കിയ പ്രദർശന സ്റ്റാളുകൾ ആണ് മേളയിലെ മറ്റൊരു ആകർഷണം.
ചക്ക, മാങ്ങ, പാഷൻഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഗുണമേന്മയും രുചിയുമുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങളും ഗ്രീൻ ടീ, കാർഡമം ടീ, ജിഞ്ചർ ടീ തുടങ്ങിയ വിവിധ തേയില ഉൽപന്നങ്ങളും സുഗന്ധദ്രവ്യങ്ങൾ ചേർത്ത കാപ്പി ഉൽപന്നങ്ങളും തേനിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും ഉണ്ട്. ഇതിന് പുറമെ 1500 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെയും പ്രദർശന വിപണന മേളയും സജീവമാണ്. ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും വാങ്ങാനുള്ള സൗകര്യം മേളയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.