കൽപറ്റ: റവന്യൂ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോരുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നീക്കം നടക്കുന്നതായി വിവരം. ബന്ധപ്പെട്ട വകുപ്പിനും ജില്ല ഭരണകൂടത്തിനുംതന്നെ നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് അടുത്തകാലത്ത് റവന്യു വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുണ്ടാവുന്നതെന്ന ആരോപണം ജീവനക്കാർക്കിടയിൽ തന്നെ ശക്തമായിട്ടുണ്ട്.
കലക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത ചെയ്തിരുന്നു. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരും ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചതായാണ് വിവരം.
ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോര് പുറത്തുവരുന്നത് ഇരു വിഭാഗത്തിനും ദോഷം ചെയ്യുമെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രശ്നം വിഷയങ്ങൾ പറഞ്ഞുതീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഊമക്കത്തുകൾ അയച്ചെന്ന് സംശയിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. അതേസമയം, റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയോട് ആഭിമുഖ്യമുള്ള സർവിസ് സംഘടന ഇക്കാര്യത്തിൽ ഇടപെടാൻ ശ്രമിച്ചത് അവർക്കിടയിലെ മറ്റൊരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലിനുശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനടക്കം റവന്യൂ മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ജില്ലയിൽ താമസിച്ച് ആവശ്യമായ നടപടി സ്വീകരിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ വകുപ്പിന്റെ പ്രതിച്ഛായ തകർത്തുവെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ നിയമസഭ സമ്മേളനത്തിനു മുമ്പായി അടിയന്തര നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ജില്ല കലക്ടറുടെ കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ ഏകോപിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
ഇതുകാരണം അടിയന്തര നടപടി ഉണ്ടാവേണ്ട നിരവധി ഫയലുകൾ പ്രശ്നപരിഹാരമില്ലാതെ നിശ്ചലമായി കിടക്കുന്ന സാഹചര്യം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതേസമയം, ട്രെയിനിയായി ജില്ലയിലെത്തിയ ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിരുന്നു. പിന്നീട് വിവാദങ്ങൾ അനുരഞ്ജനത്തിലൂടെ പരിഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.