കൽപറ്റ: കഴിഞ്ഞതവണ കൈവിട്ട കൽപറ്റ സീറ്റ് ടി. സിദ്ദീഖിലൂടെ തിരിച്ചുപിടിച്ച് യു.ഡി.എഫ്. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കെ.പി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ സിദ്ദീഖ് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷനും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം.വി. ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയത്. സിദ്ദീഖ് ആദ്യമായാണ് എം.എൽ.എ കുപ്പായമണിയുന്നത്. തുടക്കംമുതൽ ലീഡ് പിടിച്ചെടുത്ത സിദ്ദീഖ് എതിരാളിയെ ഒരു ഘട്ടത്തിൽപോലും മുന്നിലെത്തിക്കാൻ വിടാതെയാണ് വിജയം ഉറപ്പാക്കിയത്.
ഒടുക്കം 5470 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് നിയമസഭയിലേക്ക് ചുരമിറങ്ങുന്നത്. ഒറ്റക്കെട്ടായുള്ള പ്രചാരണത്തിലൂടെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ ആധിപത്യം ഉറപ്പിക്കാനായതും നിഷ്പക്ഷ വോട്ടുകൾ സ്വാധീനിക്കാനായതും അനുകൂല ഘടകങ്ങളായി. യു.ഡി.എഫിന് വേരോട്ടമുള്ള പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെല്ലാം സിദ്ദീഖിന് ലീഡ് നിലനിർത്താനായി.
കൂടാതെ, എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും നേരിയ ലീഡ് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഉറച്ച സീറ്റായാണ് കൽപറ്റയെ യു.ഡി.എഫ് കണ്ടിരുന്നത്. വയനാട് മെഡിക്കൽ കോളജ്, റെയിൽവേ, ബഫർ സോൺ, കാർഷിക മേഖലയുടെ തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സിദ്ദീഖിെൻറ പ്രചാരണം.
ശ്രേയാംസ് കുമാർ പ്രചാരണത്തിൽ നേരത്തെ കളംനിറഞ്ഞെങ്കിലും വൈകിയെത്തിയ സിദ്ദീഖ് പരമാവധി വോട്ടർമാരെ നേരിട്ടുകാണാൻ സമയം കണ്ടെത്തി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും യു.ഡി.എഫിന് മുതൽക്കൂട്ടായി. പുറത്തുനിന്നുള്ള സ്ഥാനാർഥിയെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയതും പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും കാത്തലിക്ക് സഭക്ക് താൽപര്യമുള്ള ആളെ പരിഗണിക്കണമെന്ന സമ്മർദവും ആദ്യഘട്ടത്തിൽ സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവിൽ സ്ഥാനാർഥികളാവാൻ രംഗത്തുവന്ന അരഡസനോളം നേതാക്കളിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉൾപ്പെടെ പരിഗണിച്ച് സിദ്ദീഖിന് സീറ്റ് നൽകിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തനായ അനുയായി എന്ന നിലയിലും രാഹുൽ ഗാന്ധിക്കുവേണ്ടി വയനാട് ലോക്സഭ മണ്ഡലം ഒഴിഞ്ഞുകൊടുത്ത നേതാവ് എന്ന നിലയിലും സിദ്ദീഖിന് നറുക്കുവീഴാൻ കാരണമായി. ഒടുവിൽ സിദ്ദീഖ് തന്നെ സ്ഥാനാർഥിയായി എത്തിയതോടെ ഭിന്നതകളെല്ലാം ഉൾവലിയുന്നതാണ് കണ്ടത്. മണ്ഡലത്തിനായി ലീഗ് ചരടുവലികൾ നടത്തിയിരുന്നെങ്കിലും പിന്നീട് പിന്നാക്കംപോയി.
അതേസമയം, സിറ്റിങ് സീറ്റ് ഘടകകക്ഷിയായ എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കുന്നതിൽ സി.പി.എം പ്രവർത്തകരിൽ അമർഷം പ്രകടമായിരുന്നു. ഇത് പരമ്പരാഗത ഇടതുവോട്ടുകളിൽ ചോർച്ച ഉണ്ടാക്കിയിട്ടുണ്ട്. സർക്കാറിെൻറ ജനക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടിയുള്ള എൽ.ഡി.എഫ് പ്രചാരണവും ഏശിയില്ല. വോട്ടെണ്ണലിെൻറ ആദ്യഘട്ടത്തിൽ നിലനിൽത്തിയ ലീഡ് സിദ്ദീഖിന് അവസാന റൗണ്ടുവരെ നിലനിർത്താനായി.
2014ല്‍ കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 2016 മുതല്‍ 2020വരെ കോഴിക്കോട് ഡി.സി.സി പ്രസിഡൻറായിരുന്നു. 2019ല്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധിക്കുവേണ്ടി മാറിക്കൊടുത്തു.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിലെ പെരുമണ്ണയില്‍ പന്നീര്‍ക്കുളം തുവ്വക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിന് ജനിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയപ്രവേശനം. കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ്, ദേവഗിരി കോളജ് യൂനിയന്‍ ചെയര്മാന്, കോഴിക്കോട് ഗവ. ലോ കോളജ് യൂനിറ്റ് പ്രസിഡൻറ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, 2007 മുതല്‍ 2009 വരെ യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടുണ്ട്. ബി.കോം എല്‍എല്‍.ബി ബിരുദധാരി. ഭാര്യ: ഷറഫുന്നിസ. മക്കള്‍: ആദില്‍, ആഷിഖ്, സില് യസ്ദാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.