കൽപറ്റ: അധികൃതരുടെ അനുഗ്രഹാശിസ്സുകളോടെ വമ്പൻ ടോറസുകളും ടിപ്പറുകളുമൊക്കെ സ്കൂൾ സമയങ്ങളിൽ നിയമം ലംഘിച്ച് ചീറിപ്പായുന്നു. ജില്ലയിൽ മുഴുവൻ റോഡുകളിലും നിരോധിത സമയങ്ങളിൽ ഇവയുടെ മരണപ്പാച്ചിൽ പുരോഗമിക്കുമ്പോഴും പൊലീസും മോട്ടോർ വാഹന വകുപ്പും ഇവർക്കെതിരെ നടപടിയെടുക്കുന്നില്ല.
കോവിഡ് സമയത്ത് സ്കൂളുകൾ അടച്ചപ്പോൾ 24 മണിക്കൂറും സർവിസ് നടത്തിയ ടിപ്പറുകൾ വിദ്യാലയങ്ങൾ തുറന്നിട്ടും രണ്ടു മണിക്കൂർ നിരോധനം ഗൗനിക്കുന്നേയില്ല.വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി രാവിലെ ഒമ്പതു മുതൽ 10 വരെയും വൈകീട്ട് നാലു മുതൽ അഞ്ചു വരെയും ടിപ്പറുകൾ ഓടാൻ പാടില്ലെന്ന നിയമം നിലവിലുള്ളപ്പോഴാണ് ആരെയും കൂസാതെ ടിപ്പറുകൾ പറക്കുന്നത്. മുക്കം, കൊടുവള്ളി ഭാഗങ്ങളിലെ ക്വാറി-ക്രഷറുകളിൽനിന്നും ജില്ലയുടെ പല ഭാഗങ്ങളിലുമുള്ള സ്വകാര്യ ക്രഷറുകളിൽനിന്നും നിർമാണ സാമഗ്രികൾ കയറ്റിയ ടോറസുകളും ടിപ്പറുകളും ദേശീയപാതയിലടക്കം സ്കൂൾ സമയങ്ങളിൽ നിർബാധം സർവിസ് നടത്തുകയാണ്. കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാണെന്നു മാത്രമല്ല, രാവിലെയും വൈകീട്ടും തിരക്കേറിയ സമയങ്ങളിൽ കടുത്ത ഗതാഗതക്കുരുക്കിനും ഇവ വഴിയൊരുക്കുന്നു.
നിയമം അനുശാസിക്കുന്നതിനപ്പുറം അമിത ഭാരം കയറ്റിയെത്തുന്ന ഇവ, അമിതവേഗത്തിൽ സഞ്ചരിച്ച് അപകടങ്ങളുണ്ടാക്കുന്നത് പതിവായി. കഴിഞ്ഞയാഴ്ച മീനങ്ങാടിയിൽ സി.പി.എം നേതാവിന്റെ മരണത്തിന് വഴിയൊരുക്കിയത് ടിപ്പർ ലോറിയുടെ അമിത വേഗമായിരുന്നു.
എന്നാൽ, നിരോധിത സമയങ്ങളിൽ ഇവ സർവിസ് നടത്തുന്നത് തടയാൻ പൊലീസ് ഒട്ടും താൽപര്യം കാട്ടാറില്ല.
സ്കൂളിലേക്ക് ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ സഞ്ചരിക്കുന്ന വിദ്യാർഥികൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽപോലും പിഴ അടപ്പിക്കാൻ 'ശുഷ്കാന്തി' കാട്ടുന്ന പൊലീസ്, സ്കൂൾ സമയങ്ങളിൽ തങ്ങളുടെ കൺമുന്നിലൂടെ കടന്നുപോകുന്ന കൂറ്റൻ ടോറസുകളെ വെറുതെവിടുന്നു.
റോഡിലെ സുരക്ഷക്കും നിയമലംഘനം പിടികൂടാനുമായി തരാതരംപോലെ പേരിട്ട് പല 'ഓപറേഷനുകളും' നടത്തുന്ന മോട്ടോർ വാഹന വകുപ്പും ഇവരെ തൊടാൻ മാത്രം ധൈര്യം കാട്ടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.