വൈത്തിരി: വയനാട് ചുരത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമാകുന്നു. ചെറുതും വലുതുമായ ഒരു അപകടമെങ്കിലും ഇല്ലാത്ത ദിവസമില്ല. വാഹനങ്ങളുടെ അമിതവേഗമാണ് മിക്ക അപകടങ്ങൾക്കും വഴിയൊരുക്കുന്നത്. ഗതാഗതക്കുരുക്കിൽ ആംബുലൻസുകളടക്കം കുടുങ്ങിക്കിടക്കുന്നത് പതിവുകാഴ്ചയായി. അപകടത്തിൽപെടുന്നതേറെയും ബൈക്കുകളാണ്.
അവധി ദിനങ്ങളിൽ സഞ്ചാരികളുമായി ചുരം കയറുന്ന വാഹനങ്ങൾ വർധിച്ചു. ബൈക്കുകളുമായി കൂട്ടമായി യാത്ര ചെയ്യുന്ന യുവാക്കൾ ഒന്നിച്ചുപോകാനുള്ള വ്യഗ്രതയിൽ നിയമം ലംഘിച്ച് മറികടന്നെത്തുന്നത് പലപ്പോഴും അപകടങ്ങളിലേക്കാണ്. ചുരത്തിൽ കഴിഞ്ഞ മാസമുണ്ടായ 60ലധികം അപകടങ്ങളിൽ മിക്കതിലും ഒരു ഭാഗത്ത് ബൈക്കുകളാണ്.
വാഹന ബാഹുല്യത്തിനിടെ അമിതവേഗത്തിൽ മറികടന്നെത്തുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്. വളവുകളിൽ മറികടക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നു. ഇപ്പോൾ ചുരത്തിലെവിടെയും ഇത്തരം ബോർഡുകളില്ല. ഇതര ജില്ലകളിൽനിന്ന് ജില്ലയിലേക്ക് വരുന്ന ചെറുവാഹനങ്ങളും മറികടക്കുന്നതിനാൽ അപകടം ക്ഷണിച്ചു വരുത്തുന്നു.
അമിതഭാരവും വേഗവുമായി ടിപ്പറുകൾ
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കുശേഷം ചുരം കയറുന്ന ടിപ്പർ, ടോറസ് ലോറികളിൽ വൻ വർധനയാണുണ്ടായത്. നൂറുകണക്കിന് ടോറസുകളാണ് ദിവസവും ചുരം കയറുന്നത്. മിക്കതും അനുവദിക്കപ്പെട്ടതിന്റെ ഇരട്ടി ഭാരവുമായാണ് സഞ്ചരിക്കുന്നത്. അമിതഭാരം കയറ്റിയെത്തുന്ന ഇവ തിരിച്ചിറങ്ങുമ്പോൾ അമിത വേഗത്തിൽ സഞ്ചരിച്ച് അപകടങ്ങളുണ്ടാക്കുന്നതും പതിവാണ്.
പതിനാലിലധികം ചക്രങ്ങളുള്ള മൾട്ടി ആക്സിൽ ലോറികൾ ചുരത്തിലൂടെ സഞ്ചരിക്കുന്നത് അപകടമുണ്ടാക്കുക മാത്രമല്ല, പലപ്പോഴും മുടിപ്പിൻ വളവുകളിൽ കുടുങ്ങി മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നുണ്ട്. ഇത്തരം ലോറികൾ നാല്പതിനുമുകളിൽ ടൺ ഭാരമുള്ള ലോഡുമായാണ് ചുരത്തിലൂടെ പോകുന്നത്. ഒമ്പതാം വളവിനു താഴെ ടവറിനു സമീപം റോഡിനു വീതി വളരെ കുറവാണ്. ഈ ഭാഗത്ത് അപകടം കൂടുതലാണ്. ഇവിടെ മിക്ക സമയത്തും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
വേണം, ആവശ്യത്തിന് പൊലീസുകാർ
ചുരത്തിൽ വാഹന നിയന്ത്രണം നടപ്പാക്കാനുള്ള പൊലീസുകാരുടെ എണ്ണം തീരെ കുറവാണെന്നത് ഏറെ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. അടിവാരം എയ്ഡ് പോസ്റ്റിലെ പൊലീസുകാരാണ് ചുരത്തിലെ കാര്യങ്ങൾ നോക്കുന്നത്. ഇവർക്ക് ലക്കിടി കവാടത്തിൽ എയ്ഡ് പോസ്റ്റുണ്ട്. എന്നാൽ, ആവശ്യത്തിന് പൊലീസുകാരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. സ്ഥിരം തിരക്ക് അനുഭവപ്പെടുന്ന വ്യൂ പോയന്റ്, ടവർ, രണ്ടും നാലും വളവുകൾ എന്നിവിടങ്ങളിൽ എപ്പോഴും പൊലീസ് സാന്നിധ്യം ആവശ്യമാണ്. മൂന്നു ഷിഫ്റ്റ് ജോലിയായതിനാൽ ഹൈവേ പൊലീസിൽ പലപ്പോഴും എ.എസ്.ഐമാരാണുണ്ടാവുക. ഇവർക്ക് പിഴയടപ്പിക്കാൻ കഴിയില്ല. ഹൈവേ പൊലീസിനാണെങ്കിൽ പടനിലം മുതൽ ലക്കിടി വരെയുള്ള കാര്യങ്ങൾ നോക്കുകയും വേണം. ലക്കിടി പോസ്റ്റിലെ പൊലീസുകാർക്ക് ഒരു ജീപ്പും ബൈക്കും ഉണ്ടെങ്കിലും ഓടിക്കാനാളില്ലാത്തതിനാൽ അപകടസമയത്ത് എത്തിപ്പെടാൻ കഴിയുന്നില്ല. അമിതവേഗവും അമിതഭാരവും മറികടക്കലും നിയന്ത്രിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം. ഇതിനുള്ള സംവിധാനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.