കല്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്. തൃക്കൈപ്പറ്റ മണിക്കുറ്റിയില്‍ ലിബിന് ജോണിന് (30) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി പത്തോടെ തൃക്കൈപ്പറ്റ വില്ലേജ് ഓഫിസിന് സമീപമാണ് അപകടം.
മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ലിബിനെ പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃക്കൈപ്പറ്റ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കാട്ടുപന്നിശല്യം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലയിലെ വിവിധയിടങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിലധികമായി നിരവധി പേർക്കാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
പുൽപള്ളി, പനമരം, മാനന്തവാടി, ബീനാച്ചി തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി പന്നികൾ കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. പന്നികൾ ജില്ലയിൽ വലിയതോതിൽ പെരുകുമ്പോഴും നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപവും പ്രതിഷേധവും ശക്തമായുണ്ട്.
കാട്ടപന്നികളുടെ പെരുപ്പം നിയന്ത്രിക്കാനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് കർഷക സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. കാട്ടാന, കടുവ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നതിനാൽ അവയെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കാൻ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ, കാട്ടുപന്നിയുടെ കാര്യം വരുമ്പോൾ ശാശ്വത പരിഹാര നടപടികളുണ്ടാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
പനമരം: കാട്ടുപന്നികൾ കൂട്ടമായെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും കായക്കുന്ന് പാതിരിയമ്പം പനക്കൽ ഷൈനിയെ വനം വകുപ്പ് അധികൃതർ തിരിഞ്ഞുനോക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പറഞ്ഞു. ഷൈനിയെ പ്രവർത്തകർ വീട്ടിൽ സന്ദർശിച്ചു. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഷൈനിക്കുള്ളത്.
വനംവകുപ്പധികൃതർ ഇവർക്ക് വേണ്ട ചികിത്സയോ അടിയന്തര സാമ്പത്തിക സഹായമോ നൽകാത്തത് പ്രതിഷേധാർഹമാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന കുടുംബം ചികിത്സക്കും മറ്റും പ്രയാസമനുഭവിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാവാൻ സാധിക്കാത്തതിനാൽ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനാൽ പരിക്കേറ്റ വീട്ടമ്മക്ക് ചികിത്സ സൗകര്യം വനം വകുപ്പ് ഏർപ്പെടുത്തണം.
അല്ലാത്ത പക്ഷം വനം വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നികുതികളെല്ലാം കൃത്യമായി അടച്ച് നിയമപരമായി അവകാശപ്പെട്ട സ്ഥലത്ത് താമസിക്കുകയും കൃഷി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന മനുഷ്യനുമേൽ വന്യമൃഗങ്ങൾ നടത്തുന്ന അതിക്രമങ്ങളും ആക്രമണങ്ങളും വനംവകുപ്പിന്റെ അനാസ്ഥ മൂലമാണുണ്ടാവുന്നത്. വനം വന്യമൃഗങ്ങൾക്ക് അവകാശപ്പെട്ടതാണ്.
അവിടേക്ക് ഒരു മനുഷ്യനുപോലും പ്രവേശിക്കാൻ അനുവാദമില്ല. അതുപോലെ തന്നെ മനുഷ്യർക്ക് അവകാശപ്പെട്ട സ്ഥലങ്ങളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കാതെ നോക്കേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.
അതിൽ അവർ പരാജയപ്പെട്ടിരിക്കുന്നതിനാൽ വനം വകുപ്പിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസ് കൊടുക്കുമെന്നും പനമരം പൗരസമിതി ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, റസാഖ് സി. പച്ചിലക്കാട്, ട്രഷറർ വി.ബി. രാജൻ, കാദറുകുട്ടി കാര്യാട്ട് എന്നിവർ ഷൈനിയുടെ വീട്ടിലെ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.