കൽപറ്റ: ആറര ലക്ഷം ദേശീയ പതാകകൾ വിറ്റഴിക്കാൻ കഴിയാതെ പ്രതിസന്ധിയിലായി വനിത സംരംഭക. വയനാട് കണിയാമ്പറ്റയിലെ എസ്.എം ഗാർമെന്റ്സ് ആൻഡ് മാനുഫാക്ചറിങ് യൂനിറ്റ് ഉടമ ഷംല ഇസ്മായിലാണ് ലക്ഷങ്ങളുടെ കണക്കുകൾക്കുമുന്നിൽ പതറിനിൽക്കുന്നത്.
2022ൽ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പദ്ധതിയായ ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി എട്ടു ജില്ലകളിൽ നിന്നായി പത്തുലക്ഷം ദേശീയ പതാകകൾ നിർമിക്കാനുള്ള ഓർഡറാണ് ഷംലയുടെ യൂനിറ്റിന് ലഭിച്ചിരുന്നത്. മഹാരാഷ്ട്രയിലെ പ്രഭുനായിഡു എന്ന കമ്പനിക്ക്, ആഗസ്റ്റ് എട്ടിന് പതാകകൾ കിട്ടുന്ന രീതിയിൽ മുഴുവൻ തുകയും നൽകി ഷംല ഓർഡർ കൊടുത്തു. എന്നാൽ, ഉത്തരേന്ത്യയിൽ കാലാവസ്ഥ പ്രതിസന്ധിയിലായതോടെ ട്രെയിനുകൾ വൈകി. അതോടെ നാലുദിവസം വൈകി 12നാണ് ട്രെയിനുകൾ കേരളത്തിൽ എത്തിയത്.
ഇതേത്തുടർന്ന് ആവശ്യക്കാർക്ക് കൃത്യസമയത്ത് പതാകകൾ എത്തിച്ചുകൊടുക്കാൻ ഷംലക്ക് കഴിഞ്ഞില്ല. അതോടെ ഒറ്റ രാത്രികൊണ്ട് ഷംലക്ക് സംഭവിച്ചത് ഒരു കോടിക്ക് മുകളിൽ നഷ്ടം. മഹാരാഷ്ട്ര കമ്പനിയിൽനിന്ന് ഒരു അനുകൂല നീക്കവും ഉണ്ടായുമില്ല. യൂനിറ്റിൽ നിർമിച്ച തുച്ഛമായ പതാകകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. ഇറക്കുമതി ചെയ്ത പതാകകൾ 2023ൽ വിറ്റഴിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഷംല. അടുത്തവർഷം ഇത്രയും പതാകകൾക്ക് ആവശ്യക്കാർ ഉണ്ടാവാതായതോടെ പ്രതിസന്ധിയിലായി. കൂടാതെ, കെട്ടിക്കിടന്നവയിൽ പോളി കോട്ടനിൽ നിർമിച്ച മൂന്നര ലക്ഷത്തോളം പതാകകൾ നാശമാവുകയും ചെയ്തു. സാറ്റിൻ തുണിയിൽ നിർമിച്ച ആറര ലക്ഷം പതാകകളാണ് ഗോഡൗണിൽ നാശമാകാതെ കെട്ടിക്കിടക്കുന്നത്. വിപണിയിൽ ഒരു പതാകക്ക് 18 രൂപ വിലവരും. ഈ റിപ്പബ്ലിക് ദിനത്തിലെങ്കിലും വിറ്റഴിഞ്ഞു പോയാൽ മാത്രമാണ് ഈ സംരംഭകയുടെ ഭാവി സുരക്ഷിതമാവുക. അബ്ദുല്ലക്കുട്ടി എം.പി വഴി കേന്ദ്രസർക്കാറിൽ പരാതി നൽകി പ്രതീക്ഷയോടെ കാത്തുനിൽക്കുകയാണ് ഷംല.
പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി 2019ൽ തുണിസഞ്ചി നിർമിച്ചാണ് ഷംല യൂനിറ്റ് തുടങ്ങിയത്. 250 ജീവനക്കാരാണ് ഇവിടെ തൊഴിൽ ചെയ്യുന്നത്. പ്രതിസന്ധിയിലായതോടെ എല്ലാ തൊഴിലാളികൾക്കും തൊഴിൽ നൽകാൻ കഴിയാത്ത അവസ്ഥയിലായി. ഭർത്താവ് ഇസ്മാഈലിനും വിദ്യാർഥികളായ മൂന്ന് പെൺമക്കൾക്കും ഒപ്പം കണിയാമ്പറ്റ ഹൈസ്കൂളിന് സമീപം കടവൻ വീട്ടിലാണ് ഷംല താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.