കാവുംമന്ദം: സഞ്ചാരികളുടെ വരവ് വർധിച്ചിട്ടും അഡ്വഞ്ചർ ടൂറിസം കേന്ദ്രമായ കർളാട് ചിറയിൽ സാഹസികത പേരിലൊതുങ്ങുന്നു. ഉരുൾ ദുരന്തത്തിനുശേഷം ജില്ലയിൽ സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ചുള്ള നവീകരണമോ വികസന പ്രവൃത്തികളോ കർളാട് ചിറയിലില്ല.
അഡ്വഞ്ചർ ടൂറിസം കേന്ദ്രമെന്നാണ് പേരെങ്കിലും സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ നിരാശപ്പെടുത്തുന്ന കാഴ്ചയാണിവിടെ. രാത്രികാല ടൂറിസത്തിന് പറ്റിയ ഇടമാണ് ഇത്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ മാത്രമില്ല. തരിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണ് കർളാട് ചിറ.
അപൂർവ ജൈവ വൈവധ്യങ്ങളുടെ കലവറയാണിത്. മുതിർന്നവർക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ ബോട്ടിങ്, കുട്ടികളുടെ പാർക്ക്, ഫ്ലോട്ടിങ് ബ്രിഡ്ജ് എന്നീ വിനോദ ഇനങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പ്രധാന അഡ്വഞ്ചർ ഇനങ്ങളായ സിപ് ലൈൻ, ആർച്ചറി, സോർബിങ് ബോൾ, വാൾ ക്ലൈംപിങ് അടക്കമുള്ള എല്ലാ റൈഡുകളും മുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ, ഇവ പുനരാരംഭിക്കാൻ ഒരു നടപടിയും ഇല്ല.
ഇവിടത്തെ പ്രധാന ആകർഷണമായ സിപ് ലൈൻ പ്രവർത്തനം നിലച്ചതാണ് സഞ്ചാരികളെ ഏറെ നിരാശയാക്കുന്നത്. ജലാശയത്തിനു മുകളിലൂടെയുള്ള സിപ് ലൈൻ യാത്ര പ്രതീക്ഷിച്ച് ഒട്ടേറെ സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഇതിന്റെ പ്രവർത്തനം നിർത്തിവെച്ചത്.
തുടർ പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ വന്നതോടെ ഇതിന്റെ പ്രവർത്തനം അനിശ്ചിതമായി മുടങ്ങിയ സ്ഥിതിയാണ്. വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന ടെന്റുകളും പൂർണമായും നശിച്ചു. മിക്ക ടെന്റുകളുടെയും മേൽക്കൂരയിൽ ടാർ പോളിൻഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്.
ലക്ഷങ്ങൾ ചെലവിട്ടുനിർമിച്ച ടെന്റുകൾ പൂർണമായും നശിച്ചു. തുടക്കത്തിൽ സഞ്ചാരികളുടെ ഇഷ്ടഇനമായിരുന്നു ഈ ടെന്റുകളിലെ താമസം. ഇവക്ക് സമീപം പരിപാടികൾ സംഘടിപ്പിക്കാൻ നിർമിച്ച ഹാളും ആളില്ലാത്ത അവസ്ഥയിലാണ്. ടൂറിസം വകുപ്പും ടൂറിസം പ്രൊമോഷൻ കൗൺസിലുമാണ് (ഡി.ടി.പി.സി) ഇവിടെ നിരവധി പദ്ധതികൾ കൊണ്ടുവന്ന് തടാകവും പാർക്കും നവീകരിച്ചത്.
വർഷങ്ങൾക്ക് മുമ്പാണ് സാഹസിക ടൂറിസത്തിന്റെ വികസനത്തിന് 4.85 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികൾ ഒരുക്കിയത്. 80 അടി ഉയരത്തിലുള്ള ജലധാര, കുട്ടികളുടെ പാര്‍ക്ക്, ഫ്ലോട്ടിങ് ബ്രിഡ്ജ്, സൗന്ദര്യവത്കരണത്തിനുള്ള ലൈറ്റിങ് തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍.
വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ പ്രവർത്തിക്കുന്ന ജലധാര ഒരുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പെടാപ്പാടുപെടുമ്പോഴും അവർക്ക് ആകർഷകമായ വിധത്തിൽ ടൂറിസം കേന്ദ്രങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.