കൽപറ്റ: പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയുടെ മുകൾ ഭാഗത്തുള്ള തടാകത്തിലെ വെള്ളം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലയുടെ താഴ് ഭാഗത്തേക്ക് ഒഴുക്കിക്കളഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേന, ഫോറസ്റ്റ്, പൊലീസ്, ജനപ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് തടാകത്തിലെ വെള്ളം പൂർണമായും ഒഴുക്കിക്കളയാനായത്. മലയുടെ മുകൾ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത് മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്ന പ്രദേശവാസികളുടെ ആശങ്കയെ തുടർന്ന് കഴിഞ്ഞ ദിവസം എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. 2018 ലും 2019 ലും കുറിച്യർ മലയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ജൂൺ ആദ്യ വാരം മലയുടെ ഒരുഭാഗത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. തുടർന്നാണ് മുൻകരുതലിന്റെ ഭാഗമായി തടാകത്തിലെ വെളളം ഒഴുക്കി കളയാൻ തീരുമാനിച്ചത്. രാവിലെ ഏഴോടെ ആരംഭിച്ച പ്രവൃത്തി ഉച്ചയോടെ പൂർത്തിയാക്കി. പ്രവർത്തനങ്ങൾക്ക് ടീം കമാൻഡർ കെ.കെ. പെരേവ, പി. ശിവകൃഷ്ണ, എം.കെ. അഖിൽ, വാർഡ് മെംബർ ജുമൈലത്ത് ഷമീർ തുടങ്ങിയവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.