മാനന്തവാടി: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി വെള്ളമുണ്ട മേഖലയിലായിരുന്നു വ്യാഴാഴ്ച പ്രചാരണം. രാവിലെ എട്ടിന് മംഗലശ്ശേരി മലയിലെത്തിയപ്പോൾ കാട്ടുനായ്ക്ക കോളനി നിവാസികൾ സ്വീകരിച്ചു. തുടർന്ന് പുളിഞ്ഞാൽ, വെള്ളമുണ്ട പത്താം മൈൽ, എട്ടേനാൽ, ഒഴുക്കന്മൂല, വാരാമ്പറ്റ, കെല്ലൂർ, കാട്ടിച്ചിറക്കൽ, തരുവണ എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. വൈകീട്ട് കരിങ്ങാരിയിൽ കുടുംബ സംഗമത്തിലും പങ്കെടുത്തശേഷമാണ് പ്രചാരണം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.പി. മൊയ്തു ഹാജി, ജനറൽ കൺവീനർ വിനോദ് പാലിയാണ, ട്രഷറർ ടി.കെ. മമ്മൂട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
നഗരസഭയിലെ ചിറക്കര, താഴെ ചിറക്കര തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടം തൊഴിലാളികളെ കണ്ടാണ് വ്യാഴാഴ്ച എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളു പ്രചാരണം തുടങ്ങിയത്. തോട്ടം മേഖലയെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിച്ച നയങ്ങൾ തൊഴിലാളികളുമായി സംവദിച്ചു. തുടർന്ന് പിലാക്കാവിലെ മൂന്ന് റോഡിലെ സമരഭൂമിയിലെ വോട്ടർമാരെ കണ്ടു. പഞ്ചാരക്കൊല്ലി പ്രിയദർശിനിയിലെ തൊഴിലാളികളെയും കണ്ടു. വിളനിലം പാത്തിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പൂമാലയിട്ട് സ്വീകരിച്ചു. സെൻറ് മേരീസ് കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിദ്യാർഥികളെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിച്ചു. അണ്ണി ചെറൂർ, പയ്യമ്പള്ളി ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ പങ്കെടുത്തശേഷമാണ് പ്രചാരണം അവസാനിപ്പിച്ചത്.
നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.ബി. ബബിത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമാക്കി. കുടുംബ യോഗങ്ങളും ഹൗസ് കാമ്പയിനുകളും ഇതിനകം പൂർത്തിയാക്കി. മണ്ഡലത്തിലെ പിന്നാക്ക മേഖലകളിലെ വികസന മുരടിപ്പും ഫാഷിസ്റ്റ് വിരുദ്ധതയില്‍ ഇടതു വലതു മുന്നണികള്‍ സ്വീകരിക്കുന്ന മൃദുസമീപനവും തുറന്നുകാട്ടിയാണ് പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.