മാനന്തവാടി: യുവാവിനെതിരെ കള്ളക്കേസെടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിതിനെ കഞ്ചാവുപയോഗിച്ചെന്ന പേരിൽ വെള്ളമുണ്ട പൊലീസ് രജിസ്റ്റർചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വെള്ളമുണ്ട എസ്.എച്ച്.ഒ ഷജു ജോസഫ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രൻ, ഗ്രേഡ് എ.എസ്.ഐ മുഹമ്മദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സംഭവം.
ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്കിൽ യാത്രചെയ്ത യുവാവിനെ പിടികൂടിയ പൊലീസ് പിന്നീട് മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് യുവാവിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് ബന്ധപ്പെട്ടവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും എസ്.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐ.ജി, ഡി.ഐ.ജി എന്നിവർ അന്വേഷണ വിധേയമായി മൂവരെയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ഹെൽമറ്റും മാസ്കുമില്ലാതെ വന്ന സാബിത്തിനെ വാഹന പരിശോധനക്കിടെയാണ് പൊലീസ് പിടികൂടി രേഖകൾ പരിശോധിച്ചത്. തുടർന്ന് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അടുത്ത ദിവസം 500 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് സാബിത്തിനെ ഫോണിൽ വിളിച്ച് പണം കോടതിയിലടച്ചാൽ മതിയെന്നും സ്റ്റേഷനിൽ അടച്ച പണം തിരിച്ചു വാങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പണം തിരിച്ചുവാങ്ങി വീട്ടിലെത്തിയ ശേഷമാണ് തനിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് എൻ.ഡി.പി.എസ് കേസാണ് എടുത്തതെന്ന് സാബിത് അറിയുന്നത്. ബന്ധപ്പെട്ടവർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും വയനാട് എ.എസ്.പി സാബിത്തിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
പ്രാഥമികാന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യപ്പെട്ടതിനാൽ എൻ.ഡി.പി.എസ് കേസെടുത്തതിനും അന്വേഷണം നടത്തിയതിനും ഗ്രേഡ് എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായരും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിൽ അശ്രദ്ധയും കൃത്യവിലോപവും കാണിച്ചതിന് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫിസർ ഷജു ജോസഫിനെ നോർത്ത് സോൺ ഐ.ജി അശോക് യാദവും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ അന്വേഷണം നടത്താൻ എസ്.എം.എസ് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.